കണ്ണൂർ: തലശേരി നഗരസഭയിലെ കൊമ്മൽവയൽ വാർഡിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്നും വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി. വര്‍ഷങ്ങളായി കിണര്‍ വൃത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൂപ്പലും പായലും ചീഞ്ഞളിഞ്ഞ് കിടക്കുന്ന കിണറ്റിലെ വെള്ളമാണ് കുടി വെള്ളമായി വിതരണം ചെയ്യുന്നത്. ഇതുമൂലം ഷിഗല്ല പോലുള്ള മാരകമായ രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. യഥാസമയം ശുചീകരിക്കാത്തതിനാൽ വെള്ളം മലിനമായിട്ട് കാലമേറെയായി. എന്നാല്‍ ഈ വെള്ളം ഇപ്പോഴും നാട്ടുകാർക്ക് കുടിക്കാനായി അധികൃതർ വിതരണം ചെയ്യുകയാണ്.
തലശേരി കൊമ്മവയല്‍ പമ്പ് ഹൗസില്‍ നിന്ന് വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി - കൊമ്മൽവയൽ കുടിവെള്ള പ്രശ്‌നം
കിണറുകളും പമ്പ് ഹൗസും ശുചീകരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍
പമ്പ് ഹൗസ് കെട്ടിടത്തിന്‍റെ ഗതിയും വിഭിന്നമല്ല. പ്രവേശന കവാടത്തിലെ ഗെയ്റ്റ് തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. പമ്പ് ഹൗസിന്‍റെ ജനലുകളും കാലപ്പഴക്കത്താല്‍ ദ്രവിച്ചു. ചുറ്റും കാട് മൂടി കിടക്കുകയാണ്. ഇഴജന്തുക്കളെ ഭയന്ന് ആരും ഇങ്ങോട്ട് പ്രവേശിക്കാറില്ല. വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് മൂന്ന് കിണറുകളാണ് ഇവിടെയുള്ളത്. പമ്പ് ഹൗസിന്‍റെ ശോചനീയാവസ്ഥയെകുറിച്ച് ബന്ധപ്പെട്ടവരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വാർഡിലെ താമസക്കാരൻ കൂടിയായ നഗരസഭ പ്രതിപക്ഷ നേതാവ് കെ. ലിജേഷ് പറഞ്ഞു. കിണറുകളും പമ്പ് ഹൗസും ശുചീകരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.