കേരളം

kerala

ETV Bharat / state

40 വർഷം പ്രവാസം, ശേഷം കൃഷിയിലേക്ക്; അബ്‌ദുൽ റഹ്‌മാൻ വിജയം കൊയ്‌തത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ

ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി കണ്ണൂർ പുതിയങ്ങാടി സ്വദേശി എം കെ അബ്‌ദുൽ റഹ്‌മാൻ. 75 ഇനം ഡ്രാഗൺ ഫ്രൂട്ടുകളാണ് ഇദ്ദേഹത്തിന്‍റെ പക്കലുള്ളത്. ഇന്ത്യയിൽ ആകെയുള്ള 80 ഡ്രാഗൺ ഫ്രൂട്ടും തന്‍റെ പറമ്പിലെത്തിക്കുകയാണ് ലക്ഷ്യം.

dragon fruit cultivation kannur  kannur native dragon fruit cultivation  dragon fruit cultivation  dragon fruit  അബ്‌ദുൽ റഹ്‌മാൻ  abdul rahman  ഡ്രാഗൺ ഫ്രൂട്ട് കൃഷി  ഡ്രാഗൺ ഫ്രൂട്ട്  കൃഷി അബ്‌ദുൽ റഹ്‌മാൻ  കൃഷി  കണ്ണൂൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി
ഡ്രാഗൺ ഫ്രൂട്ട്

By

Published : Jul 6, 2023, 3:18 PM IST

ഡ്രാഗൺ ഫ്രൂട്ട് കൃഷി

കണ്ണൂർ : വിദേശയിനം പഴവർഗമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയ ഗാഥ തീർക്കുകയാണ് കണ്ണൂർ പുതിയങ്ങാടിയിലെ എം കെ അബ്‌ദുൽ റഹ്‌മാൻ. 40 വർഷത്തെ ദുബായ് പൊലീസിലെ സേവനത്തിന് ശേഷം നാട്ടിലെത്തി ഡ്രാഗൺ ഫ്രൂട്ട് കൃഷിരംഗത്ത് വിജയം കൊയ്‌ത മനുഷ്യൻ. കൊവിഡ് എന്ന മഹാമാരിക്ക് തൊട്ട് മുൻപാണ് ഇദ്ദേഹം പ്രവാസ ജീവിതത്തിനു വിട നൽകി നാട്ടിലെത്തിയത്.

എന്നും കൃഷിയോടായിരുന്നു അറുപത്തിയഞ്ചുകാരനായ അബ്‌ദുൽ റഹ്‌മാന് സ്നേഹം. വിദേശത്ത് നിന്ന് തിരികെയെത്തി നാട്ടിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ വിദേശ ഫലവർഗ കൃഷിയിൽ പരീക്ഷണം നടത്തി വിജയിക്കുക എന്നതായിരുന്നു അബ്‌ദുൽ റഹ്‌മാന്‍റെ ലക്ഷ്യം. കാലിഫോർണിയയിൽ കൂടുതൽ ആയി കണ്ടുവരുന്ന വിദേശ സസ്യമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാനായി തെരഞ്ഞെടുത്തു.

കേരളത്തിലെ മണ്ണ് പോലും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമല്ല. പക്ഷെ അബ്‌ദുൽ റഹ്‌മാൻ എല്ലാം തേടി കണ്ടെത്തി വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചു. ആദ്യ ഘട്ടത്തിൽ 32 ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകളാണ് ഇദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ അത് 75 ആയി വർധിച്ചു. വീട്ടുപറമ്പിലും ടെറസിലുമായി 800 ഡ്രാഗൺ ചെടികളാണ് ഇപ്പോൾ ഉള്ളത്.

വിലയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള മലേഷ്യൻ റെഡ്, മെക്‌സിക്കൻ റെഡ്, റോയൽ റെഡ്, ഫലോറ ഗോൾഡ്, ഇസ്രയിൽ യെല്ലോ, ബ്ലാക് ആഫ്രിക്ക, ടിസിയ, അസ്വന്ത ഫൈവ്, റോയൽ, വിയറ്റ്നാം കിങ്ങ് എന്നിവയും കൃഷി ചെയ്‌ത് വരുന്നു. ചുവപ്പ്, നീല, വെള്ള, പിങ്ക്, തുടങ്ങി പല നിറത്തിലുള്ളവയും കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നാണ് അബ്‌ദുൽ റഹ്‌മാൻ ശേഖരിക്കുന്നത്. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുമ്പോൾ വ്യത്യസ്‌തതക്കാണ് ഇദ്ദേഹം പ്രാമുഖ്യം നൽകുന്നത്.

ഇന്ത്യയിൽ ആകെയുള്ള 80 ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങളെയും അടുത്ത തവണ തന്‍റെ തോട്ടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. അടുത്ത വർഷം മുതൽ അദ്ദേഹത്തിന്‍റെ വിളവുകൾ വിപണിയിലും എത്തും.

അറിയാം ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച്... ഡ്രാഗൺ ഫ്രൂട്ടിന് ഏറെ ഗുണങ്ങൾ ഉണ്ട്. ലോകമെമ്പാടുമുള്ള ഉഷ്‌ണമേഖല പ്രദേശങ്ങളിൽ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മലേഷ്യ, ഇന്തോനോഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആണ് വ്യാപകമായി ഇത് കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്‍റെ ഉള്ളിലെ കറുത്ത വിത്തുകളുള്ള മാംസളമായ ഭാഗമാണ് ഭാഗമാണു ഭക്ഷ്യ യോഗ്യം. ഒരു ചെടിയിൽ നിന്ന് എട്ടു മുതൽ 10 പഴങ്ങൾ വരെ ലഭിക്കും. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴം കൂടിയാണിത്.

ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, കാത്സ്യം, അയൺ, മഗ്നീഷ്യം എന്നിവ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, അയൺ എന്നിവയുടെ സാന്നിധ്യം വിളർച്ചയെ പ്രതിരോധിക്കും. മഗ്നീഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്‌ക്കും ഇവ സഹായിക്കും. കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കുകയും ഹൃദയത്തിനു സംരക്ഷണം നൽകുകയും ചെയ്യും. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഈ പഴം സഹായിക്കുന്നു.
കാർബോഹെെഡ്രേറ്റിന്‍റെ സാന്നിധ്യവും ഡ്രാഗൺ ഫ്രൂട്ടിലുണ്ട്.

ABOUT THE AUTHOR

...view details