കണ്ണൂർ:കണ്ണൂരില്‍ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ കാര്യമല്ല. എന്നാല്‍ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത് കേരളത്തില്‍ തന്നെ ആദ്യമാകും. സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (എസ്‌പിസിഎ) കെട്ടിടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കണ്ണൂർ ജില്ല പഞ്ചായത്തും കോർപറേഷനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചതെങ്കിലും ഇപ്പോൾ ജില്ലാ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ നികുതി അടക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ നോട്ടിസ് അയച്ചതാണ് പുതിയ തർക്കത്തിന് കാരണം. കെട്ടിട നികുതിയിനത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് 12,87,287 രൂപ അടക്കണമെന്നും ഇല്ലാത്തപക്ഷം കെട്ടിടം ജപ്‌തി ചെയ്യുമെന്നും കോർപ്പറേഷൻ നല്‍കിയ നോട്ടിസിൽ പറയുന്നു.
Also Read: മുംബൈ ബാർജ് അപകടത്തിൽ കാണാതായ മലയാളിയെ കാത്ത് കുടുംബം
2016 മുതലുള്ള കെട്ടിട നികുതി അടക്കണമെന്നാണ് കോർപറേഷൻ ആവശ്യപ്പെടുന്നത്. 21122 രൂപ ക്രമത്തില്‍ ഓരോ ആറുമാസത്തിലുമാണ് നികുതി ചുമത്തിയിട്ടുള്ളത്. ഇതുപ്രകാരം അഞ്ച് വർഷത്തെ നികുതി അടക്കണമെന്നാണ് കോർപറേഷൻ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ നികുതി ആവശ്യപ്പെട്ടുള്ള കോർപ്പറേഷൻ നടപടിക്കെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ രംഗത്ത് എത്തി. ഒരു തദ്ദേശ സ്ഥാപനത്തിന് ആദ്യമായാണ് മറ്റൊരു തദ്ദേശ സ്ഥാപനം നികുതി അടക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയക്കുന്നതെന്ന് പിപി ദിവ്യ പറഞ്ഞു. ജില്ല പഞ്ചായത്തിനെ പേടിപ്പിച്ചു കളയാമെന്ന് കോർപറേഷൻ വ്യാമോഹിക്കണ്ടെന്നും സർക്കാരുമായി ആലോചിച്ച ശേഷം പരിഹാരം കാണുമെന്നും പിപി ദിവ്യ പറഞ്ഞു.
Also Read: കച്ചവട സ്ഥാപനങ്ങളായി പരിണമിച്ച സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കേണ്ട സമയമായി
അതേസമയം കോര്‍പ്പറേഷന്‍ നോട്ടിസ് നല്‍കിയത് ജില്ല പഞ്ചായത്ത് എന്ന രീതിയില്‍ അല്ലെന്നും നികുതി അടക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നോട്ടിസ് അയക്കുന്നത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കോർപറേഷൻ മേയർ ടിഒ മോഹനൻ പറഞ്ഞു. ഓഫിസിനകത്തുള്ള നടപടി ക്രമത്തെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മേയർ പറഞ്ഞു. കേരള മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരമാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അത് പ്രകാരമാണ് നികുതി പിരിച്ചെടുക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച തുക സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രകാരമാണ് പിരിച്ചെടുക്കുന്നത്. അത് പ്രകാരമാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ മാത്രമാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ ഇടപെടുകയുള്ളുവെന്നും മേയർ വ്യക്തമാക്കി.