കണ്ണൂര്‍: സ്വന്തം കൃഷിയിടത്ത് കൃഷിയിറക്കാനെത്തിയ സ്ഥലമുടയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തളിപ്പറമ്പ് ബക്കളത്താണ് സ്ഥലമുടമയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടാക്കിയ എട്ട് പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സ്ഥലമുടമ താഴെ ബക്കളത്തെ എ.റഷീദ്, മകന്‍ മുര്‍ഷിദ് എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും മൈലാട് വാര്‍ഡ് കൗണ്‍സിലര്‍ എം.സതി, സിപിഎം മൈലാട് ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രന്‍, ഞാത്തില്‍ ബ്രാഞ്ച് സെക്രട്ടറി ടി.മനോഹരന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എം.രഞ്ജിത്ത് എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൃഷിയിറക്കാന്‍ അനുവദിച്ചില്ല; സ്ഥലമുടമയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
സംഘര്‍ഷമുണ്ടാക്കിയ എട്ട് പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു
സ്വന്തം സ്ഥലത്ത് വാഴ നടാന്‍ എത്തിയ തങ്ങളെ സുരേന്ദ്രന്‍, രഞ്ജിത്ത്, മനോഹരന്‍, ശശി എന്നിവരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്ന് മുര്‍ഷിദും മാതാവ് റഷീദയും നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ഹര്‍ത്താല്‍ദിനത്തിന്‍റെ മറവില്‍ മൈലാടെ നെല്‍വയല്‍ മണ്ണിട്ട് നികത്തി വാഴ കൃഷിയും കവുങ്ങ് കൃഷിയും നടത്തുന്നത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പ്രവര്‍ത്തകരും ആരോപിച്ചു.
മുര്‍ഷിദ്, സിയാദ്, ഷംസീര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ പരാതി. സ്ഥലമുടമയുടെ മകന്‍ മുര്‍ഷിദിന്‍റെ പരാതി പ്രകാരം സിപിഎം പ്രവര്‍ത്തകരായ ശശി, മനോഹരന്‍, സുരേന്ദ്രന്‍, രഞ്ജിത്ത് എന്നിവരുടെ പേരിലും സിപിഎം പ്രവര്‍ത്തകന്‍ മനോഹരന്‍റെ പരാതി പ്രകാരം മുര്‍ഷിദ്, ഷംഷീര്‍, സിയാദ്, മുസാഫിര്‍ എന്നിവര്‍ക്കെതിരെയും തളിപ്പറമ്പ് പൊലീസ് കേസെടുത്തു.