കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് നിലച്ചു. വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാന്‍റിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചിയില്‍ നിന്നും ടെക്‌നീഷ്യന്‍മാര്‍ വരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ മുതലാണ് ഡയാലിസിസ് നിലച്ചത്. 80 മുതല്‍ 100 പേര്‍ വരെ ഇവിടെ പതിവായി ഡയാലിസിസിന് എത്താറുണ്ട്.
പരിയാരത്ത് ഡയാലിസിസ് നിലച്ചു; വൃക്കരോഗികള്‍ ദുരിതത്തില്‍
വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചിയില്‍ നിന്നും ടെക്‌നീഷ്യന്‍മാര്‍ വരണമെന്ന് ആശുപത്രി അധികൃതര്‍
കാലപ്പഴക്കം കൊണ്ട് ഇടക്കിടെ പണിമുടക്കുന്ന വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 24 മണിക്കൂറും നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികള്‍ എത്തിച്ചേരുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ജില്ലയുടെ പല ഭാഗത്ത് നിന്നും ആശുപത്രിയില്‍ എത്തിയവര്‍ പ്ലാന്‍റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ദുരിതത്തിലായി. കൊവിഡ് കാലമായതിനാൽ മറ്റ് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യമില്ലെന്ന് ഇവര്‍ പറയുന്നു.
കൂടുതല്‍ വായനക്ക്: പരിയാരം ഗവ.മെഡി.കോളജിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് തുറന്നു
കൊവിഡ് കാരണം പല സ്ഥലങ്ങളിലും ഡയാലിസിസിന് നിയന്ത്രണങ്ങളുണ്ട്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷം മുമ്പ് അന്നത്തെ എം.എൽ.എ ടി.വി.രാജേഷിന്‍റെ വികസന ഫണ്ടില്‍ നിന്നും 35 ലക്ഷത്തോളം മുടക്കി 20 പുതിയ മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ജലശുദ്ധീകരണ പ്ലാന്‍റ് പഴയത് തന്നെയാണ്. ഇത് മാറ്റി പുതിയ പ്ലാന്‍റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.