കണ്ണൂര്‍:കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി ധീരജിനെക്കുറിച്ച് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു നടത്തിയ പരാമർശത്തിനെതിരെ കുടുംബം. നിരപരാധിയായ തങ്ങളുടെ മകനെ കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുകയാണെന്ന് ധീരജിന്‍റെ പിതാവ് രാജേന്ദ്രനും മാതാവ് പുഷ്പകലയും പറഞ്ഞു. അപവാദ പ്രചരണങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാണ്.
'കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു'; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ ധീരജിന്‍റെ കുടുംബം മനുഷ്യത്വമുണ്ടെങ്കിൽ ഒരു ആശ്വാസവാക്കെങ്കിലും അവർക്കു പറയാമായിരുന്നു. അതിനു പകരം വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്. അച്ഛനുമമ്മയ്ക്കും സഹിക്കാൻ കഴിയുന്നതല്ലയിത്. അവർക്കും മക്കളുണ്ടാകില്ലേയെന്നും രക്ഷിതാക്കൾ ചോദിച്ചു.
നിരപരാധിയായ കുഞ്ഞിനെ കൊന്നിട്ട് ചാനലുകളിൽ വീണ്ടും വീണ്ടും പറയുമ്പോൾ അതു ഞങ്ങളും കാണുന്നുണ്ടെന്ന് അവർ ഓർക്കണം. നിഖിൽ പൈലിയെ പിന്നെന്തിനാണ് അറസ്റ്റ് ചെയ്തത്. ഇത്തരം പ്രസ്താവനകൾക്കെതിരെ പാർട്ടിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം മുരിക്കാശ്ശേരിയില്‍ നടത്തിയ പ്രസംഗത്തിലാണ് സിപി മാത്യു വിവാദ പ്രസ്‌താവന നടത്തിയത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തത് പോലെയുള്ള നടപടി എസ്എഫ്‌ഐ തുടര്‍ന്നാല്‍ ധീരജിന്‍റെ അവസ്ഥയുണ്ടാകും. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. കോളജിൽ എസ്എഫ്ഐക്കാർ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നു എന്നിങ്ങനെയാണ് മാത്യു പറഞ്ഞത്.