കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. ദുബായിയില്‍ നിന്നും മാര്‍ച്ച് 5ന് സ്‌പൈസ് ജെറ്റിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മാർച്ച് 7 മുതൽ 10 വരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്‌ത 12 രാജ്യങ്ങളിൽ ദുബായി ഉൾപ്പെട്ടിട്ടില്ലാത്തതിനാലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശിക്കുകയായിരുന്നു. മാര്‍ച്ച് 7ന് പരിശോധനക്കയച്ച സാമ്പിളിന്‍റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വ്യാഴാഴ്ചയാണ് ലഭിച്ചത്.
കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു - covid 19 in kannur
ദുബായിയില്‍ നിന്നും മാര്‍ച്ച് 5ന് സ്‌പൈസ് ജെറ്റിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് വ്യാഴാഴ്‌ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഡി.എം.ഒയും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. അതിനിടെ മാർച്ച് 5ന് എസ്‌ജി 54 സ്‌പൈസ് ജെറ്റിൽ കരിപ്പൂരിൽ വന്നിറങ്ങിയവർ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ 0495 2371002, 2376063, 2371451.