കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിൽ നിഷേധം കണ്ണൂർ: പടിയൂർ പഞ്ചായത്തിൽ നവകേരള സദസില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചു. നവകേരള സദസുമായി (Nava kerala Sadas) ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് 13 സ്ത്രീ തൊഴിലാളികൾക്ക് ആണ് തൊഴിൽ നിഷേധിച്ചത് (Denial of employment). സിപിഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്തിലെ പെരുമണ്ണ് വാർഡിലാണ് സംഭവം.
നവ കേരള സദസിനെക്കുറിച്ച് വിശദീകരിക്കുന്നതിന് പടിയൂർ പഞ്ചായത്ത് ഇക്കഴിഞ്ഞ 19 ന് വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ തന്നെ അടുത്ത തൊഴിൽ ചെയ്യുന്നവർക്കുള്ള മസ്‌റ്റ് റോൾ തയാറാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രൊജക്‌ട് യോഗവും നടത്തിയിരിന്നു. നവകേരള സദസുമായി ബന്ധപ്പെട്ട യോഗമാണെന്ന് അറിയിച്ചതിനാൽ ഇവർ പങ്കെടുത്തിരുന്നില്ല. ഇന്നലെ തൊഴിലിനായി എത്തിയപ്പോഴാണ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചത്.
സാധാരണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രൊജക്‌ട് യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടത് വാർഡ് അംഗം ആണെങ്കിലും കോൺഗ്രസ് നേതാവ് കൂടിയായ അംഗം ആർ. രാജനെ പങ്കെടുപ്പിക്കാതെയാണ് യോഗം നടത്തിയത്. യോഗത്തിൽ പങ്കെടുക്കാതിരുന്ന തൊഴിലാളികൾ 22 ന് മട്ടന്നൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിലും പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ തൊഴിലിന് എത്തിയ ഇവരോട് മസ്‌റ്റ് റോളിൽ പേരില്ലെന്നും നിങ്ങൾക്ക് പണിയില്ലെന്നും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും, യൂത്ത് കോൺഗ്രസും രംഗത്തെത്തി. സ്ഥലത്ത് ബഹളമായതോടെ വാർഡ് അംഗം ആർ. രാജൻ, ഓവർസിയർ രാഹുൽ എന്നിവർ സ്ഥലത്തെത്തി. ഇതോടെ പണി നിർത്തിവച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇന്ന് വീണ്ടും പ്രൊജക്‌ട് യോഗം ചേർന്ന് ഒഴിവാക്കിയ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തി മസ്‌റ്റ് റോൾ തയാറാക്കുമെന്നും അവർക്കും തൊഴിൽ നൽകുമെന്നും അധികൃതർ അറിയിച്ചു.
നവ കേരള സദസിന്‍റെ കണ്ണൂർ ജില്ലയിലെ പര്യടനം നവംബര്‍ 22 നാണ് പൂർത്തിയായത്. പാനൂർ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ ഗുരു നഗറിൽ ആണ് കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ് നടത്തിയത്. പതിനായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയാണ് ഒരുക്കിയിരുന്നത്. രാവിലെ എട്ട് മണി മുതൽ 10 മണി വരെ പൊതുജനങ്ങൾക്ക് പരാതികളും വികസന നിർദേശങ്ങളും നൽകാനുള്ള അവസരവും 9.15 നാണ് കലാപരിപാടികൾക്ക് തുടക്കമായത്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ മട്ടന്നൂർ മണ്ഡലത്തില്‍ നവ കേരള സദസ് ചേര്‍ന്നു. 10,000 പേർക്ക് ഇരിക്കാവുന്ന പന്തല്‍ ആണ് അവിടെ ഒരുക്കിയത്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ തായമ്പകയോടെ പരിപാടികൾക്ക് തുടക്കമായി. സദസിന് ശേഷം പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും മറ്റ് കലാപരിപാടികളും നടന്നു. പേരാവൂർ മണ്ഡലത്തിലെ നവ കേരള സദസ് ഇരിട്ടി പയഞ്ചേരി മുക്കിന് സമീപമുള്ള ഫ്ലവർഷോ ഗ്രൗണ്ടിലാണ് നടത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് ചേര്‍ന്ന സദയില്‍ 20 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്.
ALSO READ:ചരിത്രത്തില്‍ ആദ്യം; തലശ്ശേരിയില്‍ സംസ്ഥാന മന്ത്രിസഭായോഗം