കണ്ണൂർ: ഇല്ല ഇല്ല മരിക്കുന്നില്ല, ഇല്ല ഇല്ല മരിക്കുന്നില്ല... സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന് വിട. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചില്‍ ഇകെ നായനാരുടേയും ചടയൻ ഗോവിന്ദന്‍യും സ്‌മൃതി കുടീരത്തിന് നടുവിലായാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
ജനസാഗരമായി പയ്യാമ്പലം: രക്തതാരകമായി നിത്യനിദ്രയില്‍ കോടിയേരി - payyambalam beach cpm
മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ മന്ത്രിമാരും എംഎല്‍എമാരും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖ അടക്കം നിരവധി പേർ പങ്കെടുത്തു. സിപിഎം - ദേശീയ - സംസ്ഥാന ജില്ല നേതാക്കളും കോടിയേരിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായ സംസ്‌കാര ചടങ്ങില്‍ പതിനായിരങ്ങളാണ് പയ്യാമ്പലം ബീച്ചിന് പുറത്ത് കണ്ണീർപ്പൂക്കളും ഹൃദയാഭിവാദ്യങ്ങളുമായി അണിനിരന്നത്.
കണ്ണൂരിലെ സിപിഎം ജില്ല കമ്മിറ്റി ഓഫീസായ അഴീക്കോടൻ രാഘവൻ മന്ദിരത്തില്‍ ഇന്ന് രാവിലെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൂന്ന് മണിയോടെ വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോയ മൃതദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കളും പാർട്ടി പ്രവർത്തകരും കാല്‍നടയായാണ് അനുഗമിച്ചത്.