കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എംവി ഗോവിന്ദൻ മാസ്‌റ്റർക്ക് പാർട്ടി പ്രവർത്തകരുടെ ഊഷ്‌മള സ്വീകരണം. റെയിൽവേ സ്‌റ്റേഷനിലൊരുക്കിയ സ്വീകരണത്തിന് ശേഷം ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലും, മുഖാമുഖം പരിപാടിയിലും ഗോവിന്ദൻ മാസ്‌റ്റർ സംസാരിച്ചു.
ആര്‍എസ്എസിന്‍റെ ഹിന്ദു രാഷ്‌ട്ര പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ - കെ റെയിൽ
കണ്ണൂരിലൊരുക്കിയ സ്വീകരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങൾ ആര്‍എസ്എസ് സ്വാധീനത്തിലാണെന്നറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ മാസ്‌റ്റർ
ഭരണഘടനാ സ്ഥാപനങ്ങൾ ആര്‍എസ്എസ് സ്വാധീനത്തിലാണെന്നും ആര്‍എസ്എസിന്‍റെ ഹിന്ദു രാഷ്‌ട്ര പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതുകൊണ്ടുതന്നെ 20 ലക്ഷം പേർക്ക് ഒക്‌ടോബറോടു കൂടി തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 20 വർഷം കൊണ്ട് അർധ വികസിത രാജ്യത്തിനൊപ്പം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും വളരെ അത്യാവശ്യമായ കെ റെയിൽ കേന്ദ്ര അനുമതി കിട്ടിയാലുടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആവിക്കൽ പ്രശ്നത്തിൽ ചില വർഗീയ സ്വഭാവമുള്ളവർ ഇടപെട്ടിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു. മുന്നണി വിപുലീകരണമാണ് ലക്ഷ്യമെന്നും, പക്ഷേ ഏതെങ്കിലും പാർട്ടിയിൽ നിന്ന് അടർത്തി എടുക്കുക ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തിലുമുപരി ജനങ്ങളുടെ അറിത്തറയാണ് വിപുലീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.