കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സി ഒ ടി നസീറിന് നേരെ നടന്ന ആക്രമണത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം എംഎൽഎ ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തി.
സി ഒ ടി നസീര്‍ ആക്രമണം; സിപിഎം അന്വേഷണം ആരംഭിച്ചു - പി ഹരീന്ദ്രൻ
തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തി
ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്ന് നസീർ ആരോപിച്ചിരുന്നു. ഇതിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം തെളിവെടുപ്പിന് ഹാജരായി. നസീറിനെ എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയതായി അറിയാമെന്ന് പലരും മൊഴി നൽകിയതായാണ് വിവരം.
പാർട്ടി സമാന്തര അന്വേഷണത്തിന്‍റെ ഭാഗമായി എഎൻ ഷംസീറിനെയും കമ്മിഷൻ വിളിച്ച് വരുത്തിയേക്കും എന്നാണ് സൂചന. അക്രമങ്ങളിൽ നിന്നും പിൻതിരിയണമെന്ന് നേതൃത്വം അണികളെ ബോധവൽക്കരിക്കുന്നതിനിടെ പാർട്ടിയുടെ എംഎൽഎക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സിപിഎം നിജസ്ഥിതി മനസിലാക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മെയ് 18ന് രാത്രിയാണ് സി ഒ ടി നസീർ അക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലാവുകയും രണ്ട് പേർ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു.