കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടുവം പഞ്ചായത്തിലെ 12 ആം വാർഡിൽ സിപിഎം സ്ഥാനാർഥിക്കെതിരായി സിപിഐയുടെ റിബൽ സ്ഥാനാർഥി മത്സരരംഗത്ത്. പട്ടുവം സ്വദേശിയും സിപിഐ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. അനിൽ കുമാറാണ് മത്സരിക്കുന്നത്. പട്ടുവം അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ ഡി. എൻ പ്രമോദിന് മുൻപാകെ പത്രിക സമർപ്പിച്ചു. എൻ. ചന്ദ്രനാണ് 12 ആം വാർഡിൽ സിപിഎമ്മിനുവേണ്ടി ജനവിധി തേടുന്നത്.
പട്ടുവത്ത് സിപിഎം സ്ഥാനാർഥിക്കെതിരായി സിപിഐയുടെ റിബൽ സ്ഥാനാർഥി മത്സരരംഗത്ത് - CPM candidate
പടിഞ്ഞാറെച്ചാലിൽ എൽഡിഎഫിനെതിരെ റിബൽ സ്ഥാനാർഥിയെയും ജില്ല പഞ്ചായത്ത്, ബ്ലോക്ക്, മറ്റുവാർഡുകൾ എന്നിവിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളെയും പിന്തുണച്ച് പ്രവർത്തിക്കാനാണ് സിപിഐ തീരുമാനം.
40 വർഷത്തിലധികമായി എൽഡിഎഫ് ഭരണത്തിലിരിക്കുന്ന പഞ്ചായത്താണ് പട്ടുവം. പടിഞ്ഞാറേച്ചാൽ വാർഡിൽ സിപിഐക്ക് കൂടുതൽ സ്വാധീനം ഉള്ളതിനാൽ ആ വാർഡ് സിപിഐക്ക് നൽകാൻ പല തവണ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ മറ്റ് ചില വാർഡുകളിലേക്കായിരുന്നു മത്സരത്തിന് അവസരം നൽകിയത്. അത് സിപിഐ നിരസിക്കുകയും ചെയ്‌തിരുന്നു. ഇത്തവണയും ഇതേ ആവശ്യവുമായി രംഗത്ത് വന്നെങ്കിലും പഞ്ചായത്തിലെ ആകെയുള്ള 13 വാർഡുകളിലും സിപിഎം സ്ഥാനാർഥികളെ പ്രഖ്യപിക്കുകയും പത്രിക സമർപ്പിക്കുകയും ചെയ്‌തു. പല തവണയായുള്ള തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് സിപിഐ കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ നിർദേശപ്രകാരം റിബൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും പത്രിക സമർപ്പണം നടത്തിയതും.
പട്ടികജാതി സംവരണ വാർഡായ പടിഞ്ഞാറെച്ചാലിൽ എൽഡിഎഫിനെതിരെ റിബൽ സ്ഥാനാർഥിയെയും ജില്ല പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും മറ്റുവാർഡുകളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർഥികളെയും പിന്തുണച്ച് പ്രവർത്തിക്കാനാണ് സിപിഐയുടെ തീരുമാനം.