കണ്ണൂർ: ഒരു ഇടവേളക്ക് ശേഷം തളിപ്പറമ്പിൽ വീണ്ടും കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ ഇനി മുതൽ രാത്രി എട്ടു മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. നിലവിലെ സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ ജയിംസ് മാത്യു എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്‍റെ തുടർച്ചയായി വ്യാഴാഴ്‌ച തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുത്തത്.
കൊവിഡ് വ്യാപനം; വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം കുറച്ചു - കണ്ണൂർ കൊവിഡ് വ്യാപനം
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും
ഇനി മുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി എട്ട് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. തട്ടുകടകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവക്കും നിയന്ത്രണം ബാധകമാണ്. ഇവ പരിശോധിക്കാൻ പൊലീസ്, റവന്യൂ, നഗരസഭാ എന്നീ വിഭാഗങ്ങളുടെ പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ ആദ്യത്തെ തവണ മൂന്നു ദിവസവും വീണ്ടും ലംഘനം തുടർന്നാൽ ഏഴു ദിവസവും അടച്ചിടുമെന്നും ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. ജില്ലയിലെ തന്നെ ഏറ്റവും വലിയ കോവിഡ് വ്യാപന കേന്ദ്രമായിരുന്ന തളിപ്പറമ്പിൽ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയതിന് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത്. ഇപ്പോൾ വീണ്ടും രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി.