കണ്ണൂര്‍: പറശ്ശിനിക്കടവ് പുത്തരി തിരുവപ്പന മഹോല്‍സവത്തിന്‍റെ ഭാഗമായുള്ള കൊടിയേറ്റിൽ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്. കലക്‌ടറുടെ ഉത്തരവ് ലംഘിച്ച് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന വിധം നിയന്ത്രണങ്ങളില്ലാതെ കൊടിയേറ്റ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയതിനാണ് ക്ഷേത്രം ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തത്. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
പറശ്ശിനി പുത്തരി മഹോത്സവം; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്
ക്ഷേത്രം ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ നടന്ന പുത്തരി തിരുവപ്പന കൊടിയേറ്റില്‍ കൊവിഡ് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ചടങ്ങില്‍ പങ്കെടുക്കാനായി നൂറുകണക്കിനാളുകളാണ് രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നത്. ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഇവിടെ നിയന്ത്രണം ലംഘിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാൽ എപ്പിഡമിക് ഡിസീസസ് ആക്‌ട് പ്രകാരം പതിനായിരം രൂപ വരെ പിഴയും മൂന്ന് മാസം തടവും ഉള്‍പ്പെടെ ലഭിക്കാവുന്ന കേസാണ് രജിസ്റ്റർ ചെയ്തത്.