കണ്ണൂർ:സ്വന്തമായി മാസ്കുകൾ നിർമിച്ച് മറ്റുള്ളവർക്ക് നൽകി മാതൃകയാകുകയാണ് തളിപ്പറമ്പ് തൃച്ചംബരം സ്വദേശി സിദ്ധാർത്ഥ് പി വാര്യർ എന്ന എട്ടുവയസുകാരൻ. ലോക്ക് ഡൗൺ കാലത്ത് സ്വായത്തമാക്കിയ തയ്യൽ തൊഴിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുകയാണ് ഈ മിടുക്കൻ. മുത്തച്ഛനായ അച്യുത വാര്യരുടെ പാത പിന്തുടരുകയാണ് സിദ്ധാർഥ്. ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്‍റെ കൊടിക്കൂറ തയ്യാറാക്കി ശ്രദ്ധേയനായ അച്യുത വാര്യരുടെ കൊച്ചുമകനാണ് സിദ്ധാർഥ്. പൂക്കോത്ത് നടയിലുള്ള അച്യുത വാര്യരുടെ തയ്യൽക്കടയിൽ മറ്റ് തയ്യൽ ജോലികൾ ചെയ്യാറുണ്ടെങ്കിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ തയ്യൽക്കട മാസങ്ങളോളം അടച്ചിടേണ്ടി വന്നു. അതോടെ കടയിൽ നിന്നും തയ്യൽ മെഷീൻ തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് മാറ്റി. മുത്തച്ഛൻ തുണികൾ തയ്ക്കുന്നത് കണ്ടാണ് എട്ടുവയസുകാരനായ സിദ്ധാർഥ് തയ്യൽ പഠിച്ചത്.
സ്വന്തമായി മാസ്കുകൾ നിർമിച്ച് മാതൃകയായി എട്ടുവയസുകാരൻ
ലോക്ക് ഡൗൺ കാലത്ത് സ്വായത്തമാക്കിയ തയ്യൽ തൊഴിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുകയാണ് സിദ്ധാർഥ് പി വാര്യർ
കൊവിഡ് കാലത്ത് പൊതുസമൂഹത്തിന് ഏറെ ഗുണകരമാകുന്ന മാസ്കുകള്‍ തയ്ക്കാൻ സിദ്ധാർഥ് തന്നെ തീരുമാനിക്കുകയായിരുന്നു. രണ്ട് ലെയർ, മൂന്ന് ലെയർ മാസ്കുകൾ വിവിധ ഡിസൈനുകളിൽ ഈ മിടുക്കൻ തയ്യാറാക്കിയിട്ടുണ്ട്. പ്രായമായവർക്കും അവശർക്കും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം അഞ്ച് മാസ്കുകൾ വരെ തയ്യാറാക്കും.
മാസ്കിനായുള്ള തുണികൾ മുറിക്കുന്നത് മുത്തച്ഛനാണ്. ബാക്കി എല്ലാ ജോലികളും നിർവ്വഹിക്കുന്നത് സിദ്ധാർഥ് തനിച്ചാണ്. തൃച്ചംബരം സെന്‍റ് പോൾസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സിദ്ധാർഥ്.