കണ്ണൂരിൽ കൊവിഡ് പ്രതിരോധം ശക്തം; വ്യാപാര സ്ഥാപനങ്ങളില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കും
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന മാര്‍ക്കറ്റുകള്‍, ടൗണുകള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും അടച്ചിടുമെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി
കണ്ണൂർ: ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്‌ടറുടെ നിർദേശം. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാതെ കൂടിനില്‍ക്കുന്നത് തടയും, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം കര്‍ശനമാക്കും, ഇടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കും, ഒരു സ്ഥാപനത്തില്‍ ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും, പ്രവേശന കവാടത്തില്‍ സൈനിറ്റൈസര്‍, സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കും. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒക്കും ജില്ലാ കലക്‌ടർ നിർദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന മാര്‍ക്കറ്റുകള്‍, ടൗണുകള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും അടച്ചിടുമെന്നും ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി.