കണ്ണൂർ: തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് പുറമെ സമീപ പഞ്ചായത്തുകളിലും കൊവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്നു. ഈ സാഹചര്യത്തിൽ കുറുമാത്തൂർ, പട്ടുവം, പരിയാരം, കല്യാശേരി, ഏഴോം, ചെങ്ങളായി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. വെള്ളിയാഴ്‌ച മാത്രം തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 22 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 16 രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ സമ്പൂർണ അടച്ചിടൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഓട്ടോ, ടാക്‌സി സർവീസുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ്, ആന്തൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് സമ്പർക്ക വ്യാപനം
തളിപ്പറമ്പ്, ആന്തൂർ നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും രോഗവ്യാപനമുണ്ടായതോടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.
കുറുമാത്തൂർ പഞ്ചായത്തിലെ പൂവം ടൗൺ, പൊക്കുണ്ട് ടൗൺ, താഴെ ചൊറുക്കള മുതൽ നെടുമുണ്ട വരെയുള്ള സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമുള്ള വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ അടച്ചിട്ടു. കൊവിഡ് വ്യാപനം അധികമാവുന്ന പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ഉറവിടമറിയാത്ത രോഗികളും വിപുലമായ സമ്പർക്കമുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ അടച്ചിടൽ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിപ്പ് നൽകി. പട്ടുവം ഗ്രാമപഞ്ചായത്തിലും പരിയാരം ഗ്രാമപഞ്ചായത്തിലും ഞായറാഴ്‌ചകളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടുള്ളതല്ല.