കണ്ണൂര്‍: ആശിച്ചു നിര്‍മിച്ച വീടിന്‍റെ പ്രവേശന ചടങ്ങ് ആര്‍ഭാടമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ തങ്ങളുടെ സ്വപ്‌ന ഭവനം രോഗികള്‍ക്കും അശരണര്‍ക്കും കൂടി സഹായകമാകണം എന്ന ആഗ്രഹത്തില്‍ ഗൃഹപ്രവേശന ചടങ്ങ് മാതൃകാപരമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് പയ്യന്നൂരിലെ ദമ്പതികള്‍. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പി ആർ ഒ ജാക്‌സണ്‍ ഏഴിമലയും നഴ്‌സിങ് ഓഫിസറായ ഭാര്യ ജീനിയയും നിർമിച്ച പുതിയ വീടിന്‍റെ പ്രവേശന ചടങ്ങാണ് ജീവകാരുണ്യ, ആരോഗ്യ പരിപാടികളുടെ സംഗമ വേദിയായത്.
കഴിഞ്ഞ ദിവസം രാവിലെ രക്തദാന ക്യാമ്പായ ബ്ലീഡ് എക്‌സ്‌പ്രസിന്‍റെ ഫ്ലാഗ് ഓഫ് കർമം നടന്നു. തുടർന്ന് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ രക്തദാന ക്യാമ്പിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഉച്ചയ്‌ക്ക് പഴയങ്ങാടി പൊടിത്തടം ഗാഡിയൻ ഏജൽസിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം, ഉച്ചകഴിഞ്ഞ് മെഡിക്കൽ ക്യാമ്പും കൗൺസലിങും വൈകിട്ട് 4 മണിക്ക് സാന്ത്വന സംഗീതം പരിപാടി, 5 മണിക്ക് വീടിനോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലഫോണിക് സൂയിസൈഡ് പ്രിവൻഷൻ സെന്‍റർ, കൗൺസിലിങ് സെന്‍റർ, പാലിയേറ്റീവ് സപ്പോർട്ടിങ് യൂണിറ്റ് എന്നിവയുടെ ഉദ്‌ഘാടനം ഇങ്ങനെ നീളുന്നു ജാക്‌സന്‍റെ ഗൃഹപ്രവേശന ചടങ്ങിനോട് അനുബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍.