കണ്ണൂര്‍ :ഒരു കോടിയുടെ മയക്കുമരുന്നുമായി കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടകളിലൊന്നാണ് കണ്ണൂരിൽ നടന്നത്. കൊയ്യോട്ടെ തൈവളപ്പില്‍ ഹൗസിൽ അഫ്സല്‍ (37) ഭാര്യ ബള്‍ക്കീസ് (27) എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍ ടൗൺ എസ്. ഐ ശ്രീജിത്ത് കൊടരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളുടെ കൈയില്‍ നിന്നും ഏകദേശം 2 കിലോ എം ഡി എം എ(MDMA), ഒപിഎം OPM - 7.5 ഗ്രാം, ബ്രൗണ്‍ ഷുഗര്‍ - 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണിവ.
ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കണ്ണൂരിലേക്കുള്ള തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചുകടത്തുകയായിരുന്നു. കണ്ണൂരിലെ പ്ലാസ ജങ്ഷനിലെ പാര്‍സല്‍ ഓഫീസില്‍ നിന്നും പ്രതികള്‍ സാധനം കൈപ്പറ്റുമ്പോളാണ് പൊലീസ് പിടികൂടിയത്. പ്രതി ബള്‍ക്കീസിന് നേരത്തെ എടക്കാട് പൊലീസ് സ്റ്റേഷനില്‍ മറ്റൊരു മയക്കുമരുന്നുകേസ് ഉണ്ടെന്ന് ജില്ല പൊലീസ് കമ്മിഷണര്‍ ഇളങ്കോ ആര്‍ അറിയിച്ചു.