കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനിലെ വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങിയത്. തീരുമാനം ആത്മഹത്യപരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.
വിമതന്‍ യുഡിഎഫിലേക്ക്; കണ്ണൂരില്‍ രാഷ്ട്രീയ അട്ടിമറിയോ ?
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരനെ പിന്തുണക്കാനാണ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിന്‍റെ തീരുമാനം
നഗരസഭയിൽ നിന്ന് കോർപ്പറേഷനായി മാറിയ ശേഷം കഴിഞ്ഞ തവണ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് പി കെ രാഗേഷ് വിമതനായി മത്സരിച്ച് ജയിച്ചത്. രാഷ്ട്രീയ ഗുരുവായ കെ. സുധാകരനുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് രാഗേഷ് പാർട്ടി വിട്ട് വിമതനായത്. 55 അംഗ കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതം ലഭിച്ചതോടെ രാഗേഷിന്‍റെ നിലപാട് നിർണായകമായി. ഡെപ്യൂട്ടി മേയർ സ്ഥാനം ഓഫറായി ലഭിച്ചതിന് പിന്നാലെ രാഗേഷ് എൽഡിഎഫിനെ പിന്തുണച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരനെ പിന്തുണക്കാനാണ് രാഗേഷിന്‍റെ തീരുമാനം. മതനിരപേക്ഷ നിലപാടുള്ള രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത് പകരാനാണ് താൻ കോൺഗ്രസിന് പിന്തുണ നൽകുന്നത് എന്നായിരുന്നു രാഗേഷിന്‍റെ പ്രതികരണം.
രാഗേഷ് തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പി കെ രാഗേഷ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കാനാണ് സാധ്യത. ഇതിനെ പ്രതിരോധിക്കാൻ സിപിഎമ്മും തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.