കണ്ണൂർ :സംസ്ഥാന സർക്കാർ കോർപറേറ്റുകൾക്കെതിരായ നയം സ്വീകരിക്കുമ്പോൾ ബി.ജെ.പിയും കോൺഗ്രസും ഒന്നിച്ച് എതിർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ പോലുള്ള വികസന പദ്ധതികളെ കോൺഗ്രസ്-ബി.ജെ.പി ജമാഅത്തെ കൂട്ടുകെട്ട് തടയുന്നു.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. രാജ്യത്ത് ബി.ജെ.പി യെ മാറ്റി നിർത്താൻ ജനാധിപത്യ സംഘടനകളെ കൃത്യമായ നയവുമായി മുന്നോട്ടുവരാൻ പ്രേരിപ്പിക്കുകയെന്നതാണ് പാർട്ടിയുടെ ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: 'ആരാണ് നിങ്ങള്‍, മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ?' ; ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
ഇതിൽ രാഷ്ട്രീയ നിലപാട് പാർട്ടി കോൺഗ്രസ് ചർച്ചകൾക്ക് ശേഷം സ്വീകരിക്കും. ബി.ജെ.പിക്കും ബദലായി സംസ്ഥാനം ഒരു മാതൃക രാജ്യത്തിന് മുന്നിൽ വയ്ക്കുന്നു എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തുടർഭരണം വലിയ ഉത്തരവാദിത്വമാണെന്ന് ആവർത്തിച്ചു.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തണം. എങ്കിലേ വിശ്വാസം ആർജിക്കാൻ കഴിയൂ. പശ്ചിമ ബംഗാളും ത്രിപുരയും പാഠമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂർ എരിപുരത്തെ സമ്മേളന നഗരിയിൽ എം.വി ജയരാജൻ ദീപ ശിഖ ഏറ്റുവാങ്ങി. മുതിർന്ന അംഗം ഒ.വി നാരായണൻ പതാക ഉയർത്തി. പന്ത്രണ്ട് വരെ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സംബന്ധിക്കും.