കണ്ണൂര്‍ :പൊതുവേദിയില്‍ കൊമ്പ് കോര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പികെ രാഗേഷ്. മുന്‍ മേയര്‍ ടിഒ മോഹനനും ഡെപ്യൂട്ടി മേയര്‍ കെ ഷബീനയും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലേക്കെത്തിയാണ് പികെ രാഗേഷ് ബഹളമുണ്ടാക്കിയത്. കോര്‍പറേഷന്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലേക്ക് അനുവാദമില്ലാതെ എത്തുകയായിരുന്നു പികെ രാഗേഷ്.
സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ കോര്‍പറേഷന്‍ ഭരണ സമിതിക്കും ടിഒ മോഹനനും എതിരെ കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ വിശദീകരണം നല്‍കുമ്പോഴാണ് പികെ രാഗേഷ് ഹാളിലെത്തി ബഹളംവച്ചത്. ഹാളില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങളോട് രാഗേഷ് സംസാരിക്കുകയായിരുന്നു. ഇതിനിടെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു ഇളയാവൂര്‍ രാഗേഷിനെ തടഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല.
തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞതോടെ തങ്ങള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം അവസാനിച്ചുവെന്ന് അറിയിച്ച് ടിഒ മോഹനനും ഡെപ്യൂട്ടി കലക്‌ടര്‍ ഷബീനയും പുറത്തേക്കിറങ്ങി. ക്ഷണിക്കാത്ത വാര്‍ത്താസമ്മേളനത്തിലെത്തി സംസാരിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് രാഗേഷ് പൊട്ടിത്തെറിച്ചു. ''ജയരാജന് മറുപടി നൽകേണ്ട വാര്‍ത്താസമ്മേളനം യുഡിഎഫ് ഓഫിസിലോ ഡിസിസി ഓഫിസിലോ വച്ചാണ് നടത്തേണ്ടത്. കൗൺസിൽ ഹാളിൽ നടത്തിയാൽ ഇനിയും ഇടപെടുമെന്നും രാഗേഷ് പറഞ്ഞു. ഇതിൽ ഒരു ഔചിത്യ കുറവുമില്ലെന്നും മാധ്യമങ്ങള്‍ എന്തുവേണമെങ്കിലും വ്യാഖ്യാനിച്ചോളൂവെന്നും'' രാഗേഷ് പറഞ്ഞു(Kannur Corporation Issue).
സിപിഎം ആരോപണം ഇങ്ങനെ :ജനാധിപത്യ വ്യവസ്ഥയിലെ ഏകാധിപതിയാണ് കണ്ണൂർ കോർപറേഷൻ മേയർ. അദ്ദേഹം പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നിട്ടില്ല. പദ്ധതി തുക 80 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ലാപ്‌സാക്കിയെന്നും സിപിഎം ആരോപിച്ചു. സ്ഥാനം ഒഴിയുമ്പോള്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം നടത്തുക മാത്രമാണ് ചെയ്യുന്നത്.
ബന്ധുക്കളുടെ സ്വകാര്യ റോഡ് കോര്‍പറേഷന്‍ ആസ്‌തിയാക്കി മാറ്റിയെന്നും അഴിമതി മാത്രമാണ് മൂന്ന് വര്‍ഷവും നടന്നതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത് കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരാണ് എന്നും എം.വി ജയരാജൻ പറയുന്നു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും പൈപ്പ് ലൈനിലൂടെ മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ച 28 കോടി രൂപയുടെ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റ് മഞ്ചപ്പാലത്ത് സ്ഥാപിച്ചത് (Conflict In Kannur Corporation).
10 വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പൈപ്പ് ലൈന്‍ കണക്‌ട് ചെയ്യുക വഴി വന്‍കിടക്കാരെ സഹായിക്കുകയും കോടികള്‍ അഴിമതി നടത്തുകയുമാണ് ഉണ്ടായതെന്ന ആക്ഷേപം അതീവ ഗൗരവതരമാണ്. പ്ലാന്‍റിന് വേണ്ടി കുത്തിപ്പൊട്ടിച്ച മൂന്ന് റോഡുകള്‍ ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല.