കണ്ണൂർ: മോഷണ മുതലെന്നറിയാതെ ഫോണ്‍ വാങ്ങി പൊല്ലാപ്പിലായ മൊബൈല്‍ ഷോപ്പ് ഉടമ പൊലീസിനെതിരെ പരാതിയുമായി രംഗത്ത്. തളിപ്പറമ്പ് പൊലീസിനെതിരെയാണ് മൊബൈല്‍ ഷോപ്പ് ഉടമ എം.ഷമീം മനുഷ്യാവകാശ കമ്മീഷനും റൂറല്‍ പൊലീസ് മേധാവിക്കും പരാതി നൽകിയത്. നിരപരാധിയായിട്ടും കളളനെന്ന് അധിഷേപിച്ച് പൊതുജനമധ്യത്തില്‍ അപമാനിച്ചതായാണ് പരാതി.
മോഷണ മുതലെന്നറിയാതെ പുളിമ്പറമ്പ് സ്വദേശി ഗോകുലിൽ നിന്ന് 48,000 രൂപക്ക് ഷമീം ഐഫോണ്‍ വാങ്ങിയിരുന്നു. മോഷ്‌ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് വാങ്ങിയ ഫോണ്‍ ഗോകുൽ ഷമീമിന്‍റെ കടയിൽ മറിച്ചു വിൽക്കുകയായിരുന്നു. ഏപ്രിൽ മൂന്നിന് പൊലീസ് ഉദ്യോഗസ്ഥർ ഷമീമിന്‍റെ കടയിലെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കളവുമുതല്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഷമീമിനെ ഷോപ്പില്‍ നിന്നും ബലം പ്രയോഗിച്ച് നാട്ടുകാരുടെ മുന്നിലൂടെ ക്രിമിനല്‍ കുറ്റവാളിയെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടു പോകുകയായിരുന്നു എന്നാണ് ആരോപണം. കൂടാതെ ഗോകുല്‍ എ.ടി.എം കാര്‍ഡ് മോഷ്ടിച്ചു പണം പിന്‍വലിച്ച കേസിലേക്കും തന്നെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നു എന്നാണ് ഷമീം പറയുന്നത്.