കണ്ണൂര്‍ : പാനൂര്‍ പെരിങ്ങത്തൂരില്‍ വീട്ടിലെ കിണറ്റില്‍ വീണ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പിനെതിരെ പരാതി. പുലി ചത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരാതി നല്‍കി. സംസ്ഥാന വന സംരക്ഷണ കോഡിനേറ്റര്‍ സുശാന്ത് നരിക്കോടനാണ് പരാതി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ വനം വകുപ്പ് മന്ത്രി, കേന്ദ്ര വനം വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട് (Leopard Fell Into Well).
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടിക്കായി വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറി. പുലിയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ പരിക്കുകളൊന്നും പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വച്ചാണ് പുലി ചത്തതെന്നും സുശാന്ത് പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ പെടുത്തി ദേശീയ പൈതൃക മൃഗമായി സംരക്ഷിച്ച് പോരുന്ന പുലിയെ രക്ഷപ്പെടുത്തുന്നതിലും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലും കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ അഖില്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്‌ചയുണ്ടായി. ഈ അനാസ്ഥയാണ് പുലിയുടെ ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായതെന്നും സുശാന്ത് പരാതിയില്‍ ആരോപിക്കുന്നു. മതിയായ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കണ്ണവം റെയ്ഞ്ച് ഓഫിസര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു (Leopard Trapped In Well In Peringathur).
സാധാരണ കണ്ടു വരുന്ന വന്യ മൃഗങ്ങളായ കാട്ടാട്, മുയല്‍, പന്നി എന്നിവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന പരിഗണനയും ജാഗ്രതയും പോലും ദേശീയ പൈതൃക മൃഗമായ പുലിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ അനുശാസിക്കുന്ന നിയമ നടപടികള്‍ കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ (allegation against Kannavam Forest Range Officer) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൊള്ളണമെന്നും സുശാന്ത് പരാതിയില്‍ ആവശ്യപ്പെട്ടു.