കണ്ണൂർ:ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ഇങ്ങനെയാണ്. കുറച്ച് വെളിച്ചെണ്ണയും യെല്ലോ ബട്ടറും എടുക്കുക. വെളിച്ചെണ്ണ ഒരു കപ്പിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കില്‍ അത് മായം കലർന്നതാണ്. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ അത് ശുദ്ധമാണ്.
വെളിച്ചെണ്ണയില്ലാതെ മലയാളിയുണ്ടോ: ഇത്രയും പറഞ്ഞത്, മായം ചേർക്കാത്ത ഭക്ഷ്യഉല്‍പ്പന്നം എന്നത് ഏതൊരാളുടേയും അവകാശമാണ് എന്ന് അറിഞ്ഞുകൊണ്ടാണ്. ശുദ്ധമായ വെളിച്ചെണ്ണ ഒരു തുള്ളിയെങ്കിലും ഒഴിക്കാതെ എങ്ങനെ കറികളുണ്ടാക്കും എന്ന് ചിന്തിക്കുന്ന മലയാളി ഇത് അറിഞ്ഞിരിക്കണം. കാരണം വിപണിയിലെത്തുന്ന ഭൂരിഭാഗം പാക്കറ്റ് വെളിച്ചെണ്ണയും പലരീതിയില്‍ മായം ചേർത്തതാണെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്.
കുറച്ചൊക്കെ മായം ചേർക്കാതെ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് പാക്കറ്റ് കമ്പനിക്കാരുടെ വാദം. മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി അത്തരം ഉല്‍പ്പാദകർക്ക് നിരോധനം ഏർപ്പെടുത്തിയാല്‍ മറ്റൊരു പേരില്‍ വീണ്ടും അതേ വെളിച്ചെണ്ണ വിപണിയിലെത്തും.
മായം കലർന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ: പെട്രോളിയം ഉല്‍പ്പന്നങ്ങൾ, പാരഫിൻ, ഹെക്‌സൈൻ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ വസ്തുക്കൾ വെളിച്ചെണ്ണയില്‍ ചേർക്കുന്നത് അളവ് വർധിപ്പിക്കാനും കേടുവരാതെ സൂക്ഷിക്കാനുമാണ്. അതും പോരാഞ്ഞിട്ട് പാം ഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ എണ്ണകൾ വെളിച്ചെണ്ണയില്‍ ചേർത്തും വിപണിയിലെത്തുന്നുണ്ട്.