കണ്ണൂർ: സംഭരിച്ച വിത്ത് തേങ്ങയുടെ കുടിശിക ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. കൃഷിവകുപ്പ് തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കേര കർഷകരിൽ നിന്നും സംഭരിച്ച കുറ്റ്യാടി തേങ്ങകളുടെ വിലയാണ് കർഷകർക്ക് ഇതുവരെ ലഭിക്കാത്തത്. വിത്ത് തേങ്ങ ഒന്നിന് 70 രൂപ നിരക്കിലാണ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി കൃഷിവകുപ്പ് വിത്ത് സംഭരിച്ചത്.
വിത്ത് തേങ്ങയുടെ കുടിശിക ലഭിച്ചില്ല; കർഷകർ പ്രതിസന്ധിയിൽ - കുറ്റ്യാടി തേങ്ങ
മഴക്കാലമെത്തി തെങ്ങുകൾക്ക് വളം ചെയ്യേണ്ട സമയമായിട്ടും കുടിശിക പണം ലഭിക്കാത്തത് കേര കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലെ കർഷകരിൽ നിന്നും മൂന്ന് ലക്ഷത്തോളം വിത്ത് തേങ്ങകളാണ് സർക്കാർ സംഭരിച്ചത്. എന്നാൽ സംഭരണ ശേഷം ഏതാനും കർഷകർക്ക് മാത്രമാണ് ജനുവരി മാസത്തിലെയെങ്കിലും പണം ലഭിച്ചത്. ഭൂരിഭാഗം കർഷകർക്കും ഇതുവരെയും പണം ലഭിച്ചിട്ടില്ല. മഴക്കാലമെത്തി തെങ്ങുകൾക്ക് വളം ചെയ്യേണ്ട സമയമായിട്ടും കുടിശിക പണം ലഭിക്കാത്തത് കേര കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തെങ്ങിൽ നിന്നും കയറിൽ കെട്ടി താഴെ ഇറക്കി നൽകുന്ന തേങ്ങകളിൽ ഗുണമേന്മയുള്ളവയാണ് കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്നും വിത്ത് തേങ്ങക്കായി സംഭരിക്കുന്നത്. കൃഷി വകുപ്പ് വിത്തുതേങ്ങ സംഭരിക്കുന്നത് പ്രധാനമായും കുറ്റ്യാടിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ്.