അമിത് ഷാ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി - kerala election 2021
കേരളത്തെ അപമാനിക്കാൻ അമിത് ഷാ ശ്രമിച്ചിട്ടും ഇതിനെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.
![അമിത് ഷാ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി CM says Amit Shah is trying to insult Kerala കണ്ണൂർ കേന്ദ്രമന്ത്രി അമിത് ഷാ അമിത് ഷാ പിണറായി kerala election 2021 cpm-bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10924089-thumbnail-3x2-cm.jpg)
കണ്ണൂർ:കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇത് കേരളമാണെന്നും വിരട്ടലൊന്നും ഇവിടെ ചെലവാകില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ മറുപടിയും അതേ രീതിയിൽ ആയിരിക്കും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസൗഹാർദത്തിന് കേളി കേട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് എല്ലാവർക്കുമറിയാം. 2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപമല്ല. വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ മനസിലായത്. തട്ടിക്കൊണ്ടു പോകലിന് ജയിലിൽ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്പദ മരണം ഏതെന്ന് അമിത് ഷാ തന്നെ പറയട്ടെ. പറഞ്ഞാൽ അന്വേഷിക്കാനുളള പൊലീസ് കേരളത്തിലുണ്ട്. പക്ഷേ പുകമറ സൃഷ്ടിക്കാൻ നോക്കരുത്. 2010 ലെ സൊറാബുദ്ധീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിൽ കിടന്ന ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓർമ്മയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതിനെക്കുറിച്ച് എന്താണ് ആരും മിണ്ടാത്തത്.