കണ്ണൂർ : സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കാൻ പൊലീസിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഭയമില്ലാതെ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിൽ പരാതി നൽകാനുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. കണ്ണൂർ റൂറൽ പൊലീസിന്‍റെ ആസ്ഥാനം മാങ്ങാട്ടുപറമ്പിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോൺ കോളിലൂടെ പരാതി, ഉടൻ നടപടി
സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾ നിയമം കൊണ്ട് നിരോധിക്കപ്പെട്ടവയാണെങ്കിലും നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഹോമിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഒരു ഫോൺ കോളിലൂടെ പരാതിപ്പെട്ടാൽ ഉടനടി പൊലീസ് സ്ഥലത്ത് എത്തുന്ന സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read:സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തില്‍ കർശന നടപടി; പ്രത്യേക കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പ് വരുത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ പഞ്ചായത്ത് തലത്തിൽ വനിത പൊലീസിനെ നിയോഗിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ വഴി ബോധവൽക്കരണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ല റൂറൽ പൊലീസ് ആസ്ഥാനം
ഇരിട്ടി, തളിപ്പറമ്പ്, പേരാവൂർ, പയ്യന്നൂർ പൊലീസ് സബ്‌ഡിവിഷനുകളിലും പെട്ട പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെട്ടതാണ് കണ്ണൂർ ജില്ല റൂറൽ പൊലീസ് ആസ്ഥാനം. ധർമ്മശാല മാങ്ങാട്ട് പറമ്പിൽ ഇത് വരുന്നതോടുകൂടി 19 പൊലീസ് സ്റ്റേഷൻ പരിധികളിലെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഉപകാരപ്രദമാകും.
തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം.വിജിൻ എം.എൽ.എ.,ഡിഐജി കെ. സേതുരാമൻ, റൂറൽ പൊലീസ് ചീഫ് നവനീത് ശർമ്മ, ഡിവൈഎസ്പി പ്രിൻസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.