യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷം കണ്ണൂർ :യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് ഡിസിസിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത് (Youth Congress Kannur).
മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയാണ് മാർച്ച് ഉദ്ഘാടനം ചെയ്‌തത്. കലക്‌ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് നടപടിയില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തുടര്‍ന്നു. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. സംഭവത്തിനിടെ ജില്ല പ്രസിഡന്‍റ് വിജിൽ മോഹനെ അറസ്റ്റ് ചെയ്‌തതോടെ സംഘർഷം രൂക്ഷമായി. അരമണിക്കൂറോളം കലക്‌ടറേറ്റിന് മുന്നില്‍ പൊലീസിന്‍റെയും പ്രവര്‍ത്തകരുടെയും ഏറ്റുമുട്ടല്‍ തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രൂരമായ ആക്രമണമാണ് നടത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട് (Youth Congress March Kannur).
യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയ നാരായണനെ പൊലീസ് നിലത്തിട്ട് ചവിട്ടി. പൊലീസിന്‍റെ ലാത്തി പ്രയോഗത്തില്‍ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജീനക്ക് കണ്ണിന് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തിൽ കെഎസ്‌യു മുണ്ടേരി മണ്ഡലം പ്രസിഡന്‍റ് പ്രകീർത്ത് മുണ്ടേരിക്കും കുന്നോത്ത് പറമ്പ് മണ്ഡലം പ്രസിഡന്‍റ് സനിലിനും പരിക്കേറ്റു. 4 പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത 30 പേരെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു (Rahul Mamkootathil's Arrest).
സംഘര്‍ഷ ഭരിതം കോട്ടയത്തെ മാര്‍ച്ചും :കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിലും സംഘര്‍ഷം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പ്രതിഷേധവുമായെത്തിയ നൂറുക്കണക്കിന് പ്രവര്‍ത്തകരെ പൊലീസ് കെകെ റോഡില്‍ ബാരിക്കേഡ് വച്ച് തടഞ്ഞു (Rahul Mamkootathil Case).
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടാം തവണയും ജലപീരങ്കി പ്രയോഗം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി.