കണ്ണൂർ:മലയോര മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമില്ല. വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിലെല്ലാം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ചെറുപുഴ പഞ്ചായത്തിലെ കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു.
മുണ്ടറോട്ട് റേഞ്ചിൽപ്പെട്ട കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്. കുറെ ദിവസമായി വനാതിർത്തിയിൽ കാട്ടാനകളുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിലാണ് വ്യാപകമായി കൃഷികൾ നശിപ്പിച്ചത്. കായംമാക്കൽ സണ്ണി, പള്ളിത്താഴത്ത് പൗലോസ് വാടാതുരുത്തേൽ ടോമി, കാവാലം ടോമി എന്നിവരുടെ കൃഷിയിടത്തിലാണ് കൂടുതൽ നാശമുണ്ടായത്.