കണ്ണൂര്‍: എതൊരു നഗരമധ്യത്തും കാണാന്‍ സാധിക്കുന്ന ചില മനുഷ്യരുണ്ട്. റോഡിന് വശത്തെ ചുമരുകള്‍ ചേര്‍ത്ത് ടാര്‍പ്പോളിന്‍ വലിച്ചു കെട്ടും. അതിനടിയില്‍ ഇരുന്ന് ചെരുപ്പ് തുന്നി ഉപജീവനമാര്‍ഗം കണ്ടെത്തും…ഇങ്ങനെയുള്ള തൊഴിലാളികളെയും ചേര്‍ത്ത് പിടിക്കണം എന്ന് കാട്ടിത്തരികെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.
കഴിഞ്ഞ ബജറ്റില്‍ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. വാര്‍ഷിക സമ്മാനമായി തൊഴിലാളികള്‍ക്ക് ഈ ഷെല്‍ട്ടറുകള്‍ കൈമാറാന്‍ തയ്യാറെടുക്കുകയാണ് കോര്‍പ്പറേഷന്‍. ഇന്നർ വീൽ ക്ലബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട് എന്നിവയുടെ സഹകരണത്തോടെ നിലവില്‍ നാല് തൊഴിലാളികള്‍ക്കായി രണ്ട് ഷെല്‍ട്ടറുകളാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.