കണ്ണൂർ:പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്മയിൽ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് സുധാകരന്‍റെ ആരോപണം. ഈ അന്വേഷണ സംഘത്തെ മാറ്റി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിക്കണം. ഇത് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരിക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
Read more:മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും
നേരത്തേ ഷുഹൈബിന്‍റേതടക്കം കൊലപാതകങ്ങളിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്നും അതിവിടെ ആവർത്തിക്കാൻ പാടില്ലെന്നും കെ സുധാകരൻ ആരോപിക്കുന്നു. അന്നെല്ലാം നീതി തേടി സുപ്രീംകോടതി വരെ കോൺഗ്രസിന് കയറിയിറങ്ങേണ്ടി വന്നു. കേസിൽ യുഎപിഎ ചുമത്തണമെന്നും അത് വരെ കോൺഗ്രസ് അടങ്ങിയിരിക്കുമെന്ന് കരുതേണ്ടെന്നും കെ സുധാകരൻ പറയുന്നു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തിലങ്കേരിയും മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സുധാകരൻ ആരോപിച്ചു. ഇത് ഗൂഢാലോചനയുടെ തെളിവാണ്. കൊലപാതക സമയത്ത് ആകാശ് തിലങ്കേരിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും ആവശ്യമെങ്കിൽ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിൽ തന്നെയാണ് മൻസൂറിനെ കൊന്നതെന്ന് കെ. സുധാകരൻ പറഞ്ഞു.
Read more:കണ്ണൂരിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു