ന്യൂഡല്‍ഹി : കശുമാവുകളെ കീടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും കൂടുതല്‍ വിളവ് നേടുന്നതിനുമുള്ള മലയാളി കര്‍ഷകയുടെ കണ്ടെത്തലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. കണ്ണൂര്‍ സ്വദേശി ആനിയമ്മയുടെതാണ് കണ്ടെത്തല്‍.
മരത്തിന്‍റെ കൊമ്പ് മണ്ണില്‍ തട്ടുകയും ആ ഭാഗത്തുണ്ടാകുന്ന മുകുളങ്ങളുണ്ടാവുകയും ചെയ്‌താല്‍ അവയ്ക്ക് മാതൃവൃക്ഷത്തേക്കാള്‍ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ആനിയമ്മ തിരിച്ചറിഞ്ഞത്.
ഇങ്ങനെ വികസിപ്പിക്കുന്ന മരങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനില്‍ക്കാനും കൂടുതല്‍ വിളവ് തരാനും സാധിക്കുമെന്ന് ആനിയമ്മ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, കൂടുതല്‍ ചെടികള്‍ വികസിപ്പിക്കാനുള്ള സാഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി COVID 19 ; 53 മരണം
ഈ കണ്ടെത്തല്‍ കര്‍ണാടക പൂട്ടൂരിലെ ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ റിസര്‍ച്ചും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും 2020ല്‍ അംഗീകരിച്ചിരുന്നു. കാറ്റ്, മഴ പോലുള്ള പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും കീടാണുക്കളുടെ ആക്രമണത്തില്‍ നിന്നും ഇങ്ങനെ വികസിപ്പിക്കുന്ന കശുമാവിന്‍ തൈകള്‍ കൂടുതല്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് സാക്ഷ്യപ്പെടുത്തിയത്.
ഇതിനായി ജൈവികമായ മാര്‍ഗം മാത്രമാണ് സ്വീകരിക്കുന്നതെന്നതും പ്രത്യേകതയാണ്. ഈ കണ്ടെത്തല്‍ കശുവണ്ടി മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആനിയമ്മ ആകസ്മികമായാണ് കണ്ടുപിടുത്തത്തിലേക്ക് എത്തിയത്.
ഒരു കശുമാവിന്‍റെ കൊമ്പ് മണ്ണില്‍ തട്ടി നിന്ന് അവിടെ ഒരു മുള പൊട്ടി ചെടിയുണ്ടായി. വിത്തില്‍ നിന്നും വികസിപ്പിക്കുന്ന ചെടിക്കൊപ്പം ഇതും ആനിയമ്മ വളര്‍ത്തി.
ഇതോടെയാണ് വ്യത്യാസം മനസിലായത്. മാതൃസസ്യത്തെ തണ്ടുതുരപ്പന്‍ പോലുള്ള കീടങ്ങള്‍ ആക്രമിച്ചപ്പോഴും മുളപൊട്ടിവന്ന ചെടി പ്രതിരോധിച്ചു. ഇതോടെയാണ് ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി പുത്തന്‍ ചെടികള്‍ വികസിപ്പിച്ചത്.