കണ്ണൂര്‍:പയ്യന്നൂര്‍ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ പപ്പാരട്ട പ്രാന്തൻ ചാലിൽ പയ്യന്നൂർ ചീമേനി റോഡരികിൽ ഒരു ആക്രിക്കടയുണ്ട്. ഈ ആക്രിക്കടയിലാണ് ദേശീയ തലത്തിൽ മാരത്തൺ - ക്രോസ് കൺട്രിയിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടിയ എം ശിവനെന്ന ഇരുപത്തിയഞ്ചുകാരനുള്ളത്. കൊവിഡിനു മുൻപ് ടെറിട്ടോറിയൽ ആർമിയിൽ സെലക്ഷൻ കിട്ടിയെങ്കിലും സർട്ടിഫിക്കറ്റിലെ ജാതി പ്രശ്നമായി.
ശിവന്‍റെ മുത്തച്ഛൻ തമിഴ്നാട്ടിൽ നിന്നും നാടോടിയായി വന്നതാണ്. ഒബിസി ചെട്ടിയാർ ആണ് ഇവരുടെ ജാതി. എന്നാൽ ചെട്ടിയാൻ എന്നല്ലാതെ ചെട്ടിയാർ എന്ന ഒരു ജാതി കേരളത്തിലെ രേഖകളിലില്ല. അങ്ങനെ വില്ലേജ് ഓഫീസർ അനുവദിച്ച ജാതി സർടിഫിക്കറ്റില്‍ ഇയാള്‍ ക്രിസ്‌ത്യനായി. അച്ചൻ ശേഖരനും അമ്മ വള്ളിയമ്മാളിനും ജാതി തെളിയിക്കാനാകാത്തതിനാൽ കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ശിവന്‍റെയും അഞ്ച് സഹോദരങ്ങളുടെയും ഭാവിയിൽ കരിനിഴൽ വീണു.