കേരളം

kerala

ETV Bharat / state

തലശ്ശേരിയുടെ കേക്ക് ചരിത്രം ആവർത്തിച്ചു, കേക്കുണ്ടാക്കി നേടിയത് അഞ്ച് മധുര റെക്കോഡുകൾ

കോഴിക്കോട്ടെ കൊച്ചിൻ ബേക്കേഴ്‌സും മാമ്പള്ളി സഹോദരങ്ങളും ചേർന്നാണ് കേക്ക് ഒരുക്കിയത്. കേക്കിന് 732.15 അടി നീളവും 2800 കിലോ തൂക്കവും. നിർമാണം പൂർത്തിയാപ്പോൾ ഗിന്നസ് അടക്കം അഞ്ച് റെക്കോഡുകളും കേക്കിനെ തേടിയെത്തി

Cake  guinness world record  cake making  cake making in kannur  cake records in kannur  cochin bakery  cochin bakers  mambally family  കേക്കുകൾ  റെക്കോഡ് കേക്ക്  കണ്ണൂരിലെ കേക്ക്  ഏറ്റവും വലിയ കേക്ക്  കവേർഡ് ബ്രൗണി  കവേർഡ് ബ്രൗണി കേക്ക്  covered browni cake  ഗിന്നസ് റെക്കോഡ്
കേക്ക്

By

Published : Mar 28, 2023, 7:21 PM IST

കേക്ക് നിർമിച്ച് അഞ്ച് റെക്കോഡുകൾ നേടി

കണ്ണൂർ :നിറത്തിലും രൂപത്തിലും രുചിയിലും വ്യത്യസ്‌തത പുലർത്തുന്ന പല തരം കേക്കുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ നീളം കൊണ്ടും വലിപ്പം കൊണ്ടും അമ്പരപ്പിച്ച ഒരു കേക്കിനെ കുറിച്ചാണ് ഈ പറയുന്നത്. 732.15 അടി നീളവും 2800 കിലോ തൂക്കവുമുള്ള കവേർഡ് ബ്രൗണി കേക്കാണ് കണ്ണൂർ സ്റ്റേഡിയത്തിൽ തീർത്ത പന്തലിൽ ഒരുക്കിയത്. കേക്കിന്‌ ഒരടി വീതിയും 5 സെന്‍റിമീറ്റർ ഉയരവുമുണ്ട്.

റെക്കോഡാണ് കേക്ക് നിറയെ: നിർമാണം പൂർത്തിയാപ്പോൾ ഗിന്നസ് അടക്കം അഞ്ച് റെക്കോഡുകളും കേക്കിനെ തേടിയെത്തി. ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിർമ്മിച്ചതിന്‍റെ റെക്കോഡ് സൂക്ഷിക്കുന്ന തലശ്ശേരിയിലെ മാമ്പള്ളി കുടുംബത്തിലെ പിൻമുറക്കാരും സഹോദരങ്ങളുമായ എംകെ രഞ്ജിത്തും എംപി രമേശും കോഴിക്കോട്ടെ കൊച്ചിൻ ബേക്കഴ്‌സും ചേർന്നാണ് ഈ കേക്ക് നിർമ്മിച്ചത്.

ആറ് പേർ പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്‌താണ് കേക്കിന്‍റെ കൂട്ട് ഒരുക്കിയത്. 15 പേർ പന്ത്രണ്ടു മണിക്കൂർ കൊണ്ട് അലങ്കാര പണികളും പൂർത്തിയാക്കി. ഗിന്നസ് ലോക റെക്കോഡ്, രണ്ട് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, രണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് 24 മണിക്കൂറില്‍ കേക്കിനെ തേടിയെത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി വലിയ കേക്ക് നിർമിക്കികയും അതില്‍ ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും കേക്കിന്‌ മുന്നിൽ ആലേഖനം ചെയ്‌തിട്ടുമുണ്ട്. 900 ചിത്രങ്ങളാണ് കേക്കിൽ ആലേഖനം ചെയ്‌തത്.

ബ്രൗണി കേക്കിനെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു കേക്ക് തേടിയെത്തിയവർക്കുണ്ടായിരുന്നത്. ചോക്‌ളേറ്റ് കേക്ക് നിർമ്മിക്കുമ്പോൾ ബേക്കിങ് പൗഡർ ചേർക്കാൻ മറന്നു പോയ അശ്രദ്ധനായ ഒരു അമേരിക്കൻ ബേക്കറിലൂടെയാണ് ബ്രൗണി പിറവിയെടുക്കുന്നത്. കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ബ്രൗണി. കേക്കിനോട് സമാനമാണെങ്കിലും രുചിയിൽ വ്യത്യസ്‌തമാണ് ബ്രൗണി കേക്ക്. ബ്രൗണി കേക്കുകൾ മറ്റുള്ളവയിൽ നിന്നും മൃദുവായിരിക്കും.

കേക്ക് ചരിത്രം: 139 കൊല്ലം മുന്‍പാണ് ഇന്ത്യയിലെ ആദ്യ കേക്ക് തലശ്ശേരിയില്‍ പിറവി കൊണ്ടത്. 1883 ഡിസംബര്‍ 23നാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു ആദ്യ കേക്കുണ്ടാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ കേക്ക് ആയി അത് ചരിത്രത്തിൽ ഇടം നേടിയെന്നത് ചരിത്രം. മമ്പള്ളി ബാപ്പുവിന്‍റെ കരവിരുതില്‍ ആദ്യ കേക്ക് ജനിച്ചത് തലശ്ശേരിയിലെ റോയല്‍ ബിസ്‌കറ്റ് ഫാക്‌ടറിയിലാണ്. ബര്‍മയിലായിരുന്ന ബാപ്പു ബിസ്‌ക്കറ്റും ബ്രെഡ്ഡുമെല്ലാം ഉണ്ടാക്കാന്‍ പഠിച്ച ശേഷം തലശ്ശേരിയില്‍ സ്വന്തം ഫാക്‌ടറി തുടങ്ങുകയായിരുന്നു.

ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരും നിയമജ്ഞരും വിദേശ പ്ലാന്‍റർമാരുമൊക്കെ താമസിക്കുന്ന പ്രദേശം കൂടിയായ തലശ്ശേരി അക്കാലത്ത് മദ്രാസിന്‍റെ ഭാഗമായിരുന്നു. മാമ്പള്ളി ബാപ്പുവിന്‍റെ റോയല്‍ ബിസ്‌ക്കറ്റ് ഫാക്‌ടറി തലശ്ശേരി പട്ടണത്തിലെ പ്രസിദ്ധമായ സ്ഥാപനമായിരുന്നു. തനത് രുചിയില്‍ വൈവിധ്യങ്ങളായ ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ബാപ്പുവിന്റെ പെരുമ അങ്ങനെ സായിപ്പുമാരുടെ ചെവിയിലും എത്തി.

ആയിടയ്ക്കാണ് തലശ്ശേരിക്ക് സമീപം അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടത്തിന്‍റെ ഉടമയായ ഫ്രാന്‍സിസ് കര്‍ണാക്ക് ബ്രൗണ്‍ എന്ന സായിപ്പ് ക്രിസ്‌മസിന് വേണ്ടി ഒരു കേക്ക് നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവുമായി മാമ്പള്ളി ബാപ്പുവിനെ സമീപിച്ചത്. ഒരു സാംപിള്‍ കേക്കും ബാപ്പുവിന് നല്‍കി. അതേരുചിയിലും ഗുണത്തിലും കേക്ക് നിര്‍മിച്ചു നല്‍കാനായിരുന്നു ബ്രൗണിന്റെ ആവശ്യം.

കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളും രീതിയും ബ്രൗണ്‍ പറഞ്ഞു കൊടുത്തു. കര്‍ണാക്ക് ബ്രൗണിന്‍റെ ആവശ്യം ബാപ്പു നിരസിച്ചില്ല. തുടർന്ന് ബാപ്പു ധര്‍മടത്തെ ഒരു കൊല്ലനെക്കൊണ്ട് കേക്ക് ഉണ്ടാക്കാന്‍ പറ്റുന്ന തരത്തില്‍ അച്ചുണ്ടാക്കി. ചേരുവകളും രീതിയും മാറ്റിമാറ്റി പരീക്ഷിച്ച് ദിവസങ്ങളോളം പരിശീലിച്ചു.

പത്ത് ദിവസത്തിന് ശേഷം, ഡിസംബര്‍ 23ന് വീണ്ടും ബാപ്പുവിനെ കാണാനായി ഫാക്‌ടറിയിൽ എത്തിയ കർണാക് ബ്രൗണ്‍ സായിപ്പിന് സ്വന്തം കൈ കൊണ്ട് ബാപ്പു ഉണ്ടാക്കിയ കേക്ക് നൽകി. സായിപ്പ് കൊടുത്ത കേക്കില്‍ നിന്ന് രുചിയിലും മണത്തിലും യാതൊരു വ്യത്യാസവുമില്ലാത്തൊരു കേക്ക് ആണ് ബാപ്പു സമ്മാനിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്കിന്‍റെ പിറവിക്ക് പിന്നിലെ കഥയായിരുന്നു അത്.

ABOUT THE AUTHOR

...view details