കണ്ണൂര്‍: നിറസന്ധ്യ തടാകത്തില്‍ താണിറങ്ങി വന്നോ? വയനാട് പൂക്കോട് തടാകം(Wayanad Pookode lake) സന്ദര്‍ശിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യമാണിത്. തടാകം കാണാനെത്തുന്നവര്‍ക്ക് കണ്ണിന് ആനന്ദമേകാന്‍ തടാകത്തിന്‍റെ മുക്കാല്‍ ഭാഗവും വയലറ്റ് നിറത്തില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു.(Cabomba Furcata flowers bloom in Wayanad Pookode lake) ജലത്തില്‍ വളരുന്ന കബോംബ ഫ്യൂര്‍കാറ്റ (Cabomba Furcata) എന്ന ജലസസ്യത്തിന്‍റെ പൂക്കളാണ് ഈ നിറശോഭക്ക് കാരണമായത്.
വടക്കേ അമേരിക്കയിലും ക്യൂബയിലുമാണ് ഈ ജലസസ്യം കണ്ടു വന്നിരുന്നത്. പരവതാനി വിരിച്ച പോലെ ജലാശയത്തില്‍ ഈ പൂക്കള്‍ പൊങ്ങി നില്‍ക്കുകയാണ്. ഈ അധിനിവേശ സസ്യത്തിന്‍റെ മനോഹാരിതയില്‍ സഞ്ചാരികള്‍ വീണുപോവും. ജലസസ്യമാക്കി ഉദ്യാനങ്ങളില്‍ വളര്‍ത്താന്‍ തടാകങ്ങളില്‍ നിന്നും ചിലര്‍ ഇതിന്‍റെ ചെടി എടുത്തു കൊണ്ടു പോവുന്നതും പതിവാണ്.
സൗന്ദര്യത്തില്‍ മുന്നിലെങ്കിലും ഇത് ജൈവവൈവിധ്യത്തിന് ഭീഷണി ഉണ്ടാക്കുന്നവയാണെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇതിന്‍റെ സൗന്ദര്യം ദര്‍ശിക്കാനാണ് താത്പര്യം. പ്രകൃതി രമണീയമായ ശുദ്ധജലതടാകം എന്ന പ്രശസ്‌തി പേറുന്ന തടാകമാണ് പൂക്കോട്. വയനാട് സഞ്ചരിക്കുന്നവരുടെ പ്രധാന ആകര്‍ഷക കേന്ദ്രമായ പൂക്കോട് തടാകം ഇപ്പോള്‍ വയലറ്റ് നിറത്തിലുള്ള പൂക്കളുടെ പേരിലും പ്രശസ്‌തി ആര്‍ജ്ജിച്ചിരിക്കയാണ്.
തടാകത്തെ ചുറ്റുന്ന നടപ്പാതയിലൂടെ പൂക്കളുടെ സൗന്ദര്യം കാണാന്‍ നടന്നു പോകുന്നവരുടെ തിരക്കാണ് ഏറേയും. സാധാരണ ഗതിയില്‍ നവംബര്‍ മാസം തുടങ്ങിയാല്‍ ജനത്തിരക്ക് മധ്യവേനല്‍ അവധിക്കാലം വരെ നീണ്ടു നില്‍ക്കും. സമുദ്ര നിരപ്പില്‍ നിന്നും 770 മീറ്റര്‍ ഉയരത്തിലുള്ള കേരളത്തിലെ ഏറ്റവും ഉയരമുള്ള ശുദ്ധജലതടാകം എന്ന ബഹുമതി പൂക്കോട് തടാകത്തിനാണ്. കബനീനദിയിലേക്ക് ചേരുന്ന പനമരം പുഴയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്.
വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്‌ടപ്പെടുന്ന ഇടമായി പൂക്കോട് തടാകം മാറി കഴിഞ്ഞു. സുഖകരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും സന്ദര്‍ശകര്‍ക്ക് അവിസ്‌മരണീയമായ അനുഭവമാണ് നല്‍കുന്നത്. കുന്നുകളുടെ മാസ്‌മരികതയാര്‍ന്ന കാഴ്‌ചകള്‍ ആസ്വദിക്കാനെത്തുന്നവരും നിരവധി. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇവിടത്തെ കാഴ്‌ചകളില്‍ എല്ലാം മറക്കുന്നു. ബോട്ടു സവാരിക്കാണ് സന്ദര്‍ശകര്‍ ഏറേയും എത്തിച്ചേരുന്നത്. തടാകത്തിലെ ശുദ്ധജലപൂക്കളും നീലത്താമരയും സവാരിയില്‍ അടുത്തു നിന്ന് കാണാം. തടാക കരയിലൂടെ നടന്ന് ആസ്വദിക്കാനുള്ള ജോഗിങ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. വയനാട് വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തിലാണ് പൂക്കോട് തടാകം.