കണ്ണൂര്‍: ജില്ലയിലെ ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ മാവിലം പാറ, കുളത്തൂർ പ്രദേശങ്ങളിലെ ചെങ്കൽ ഖനനം (brick mining) മുഴുവനായും നിർത്തിവെക്കാൻ തളിപ്പറമ്പ് ആർഡിഒ (Taliparamba RDO) ഉത്തരവിട്ടു. 1394ഏക്കറിൽ വരുന്ന ഖനനമാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി യോഗം ചേർന്ന് നിർത്തി വെക്കാൻ ഉത്തരവിട്ടത്. അടിയന്തിരമായി ഇവരുടെ മെഷീനുകളും വാഹനങ്ങളുമടക്കം സ്ഥലത്തുനിന്ന് മാറ്റണമെന്നും നിർദേശം നൽകി.
ചുഴലി വില്ലേജിലെ മാവിലംപാറ, കുളത്തൂർ പ്രദേശങ്ങളിൽ റിസർവേ 30 ,38 നമ്പറുകളിൽ ഉൾപ്പെട്ട ദേവസ്വം ഭൂമി കൈയ്യേറി ചെങ്കല്‍ ഖനനം നടത്തുന്നതായും ഇതുമൂലം ജനങ്ങളുടെ കുടിവെള്ളം പോലും നഷ്ടപ്പെടുന്നതായും പരാതി ലഭിച്ചിരുന്നു. പല തവണയായി ജില്ലാ കളക്ടർ, ആർഡിഒ, തഹസീൽദാർ, ജിയോളജി വകുപ്പ് അധികൃതർ നേരിട്ടത്തി പരിശോധന നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തുകയും ചെയ്‌തു.
ഇവർ നടത്തിയ പരിശോധനയിൽ അനധികൃത പണകളില്‍ നിന്ന് കല്ല് കൊത്ത് യന്ത്രങ്ങളും ലോറികളും പിടിച്ചെടുക്കുകയും പിഴ ഈടാക്കിയെങ്കിലും കനത്ത മഴക്കാലത്തും അനധികൃത ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉടമകൾ തയ്യാറായില്ല.