കണ്ണൂര്‍: ധർമടം ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളജിന് നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ സർക്കാർ കോളജാണ് ബ്രണ്ണൻ.3.25 പോയന്‍റാണ് എ പ്ലസ് ഗ്രേഡിനു വേണ്ടത്. എന്നാല്‍ ബ്രണ്ണൻ കൊളജിന് 3.33 പോയന്‍റ് ലഭിച്ചു. നിലവിൽ എ ഗ്രേഡാണ് കോളജിനുള്ളത്. കോളജിൽ നാക് (നാഷണൽ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷൻ കൗൺസിൽ) സംഘത്തിന്‍റെ സന്ദർശനം പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിലാണ് ഗ്രേഡ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഉയർന്ന ഗ്രേഡ് ലഭിച്ചത് തുടർന്നുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഗുണകരമാകും.
നാക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി ബ്രണ്ണന്‍ കോളജ്
കണ്ണൂര്‍ ധര്‍മ്മടത്തെ സര്‍ക്കാര്‍ കൊളജായ ബ്രണ്ണന്‍ കൊളജിന് നാഷണൽ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷൻ കൗൺസിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കൊളജാണിത്.
കഴിഞ്ഞ മാസം ഒന്നിനും രണ്ടിനുമായിരുന്നു കൊളജിൽ നാക് സംഘത്തിന്‍റെ സന്ദർശനം.രാജസ്ഥാനിലെ എം.എസ്.സർവകലാശാല വൈസ് ചാൻസലറായിരുന്ന പ്രൊഫ.ബദരിലാൽ ചൗധരി,ഹിന്ദി എഴുത്തുകാരനും വാർധ ഹിന്ദി വിശ്വവിദ്യാലയം വകുപ്പ് അധ്യക്ഷനുമായ പ്രൊഫ.സൂരജ് പലിവാൽ, ആന്ധ്രപ്രദേശ് ഡി.കെ ഗവണ്‍മെന്‍റ് കോളജ് പ്രിൻസിപ്പൽ ഡോ.സി. മസ്താനയ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 2014 മുതൽ അക്കാദമിക്, അക്കാദമികേതര മേഖലകളിൽ കോളജ് കൈവരിച്ച നേട്ടങ്ങളാണ് സംഘം വിലയിരുത്തിയത്.
കോളജിലെ വിവിധ പഠന വിഭാഗങ്ങളും നാക് സംഘം സന്ദർശിച്ചു. അത്യാധുനിക രീതിയിൽ നിർമിച്ച കേന്ദ്ര ഗ്രന്ഥാലയം, അന്താരാഷ്ട്ര നിലവാരമുള്ള രസതന്ത്ര ലാബ്, സെന്‍റര്‍ ഫോർ എക്സലന്‍സ് ലാബ്,സിന്തറ്റിക് ട്രാക്ക് എന്നിവയും സന്ദർശിച്ചിരുന്നു. പ്രിൻസിപ്പൽ ഡോ.എസ്.പി.ചാന്ദ്നി സാം, ഐ.ക്യു.എ.സി. കൺവീനർ ഡോ.കെ.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാക് സന്ദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നത്.