കണ്ണൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വാസത്തിന്‍റെ നിറക്കാഴ്‌ചയാണ് ബൊമ്മക്കൊലു. ഹിന്ദു പുരാണങ്ങളിലെ കഥകളും കഥാപാത്രങ്ങളും അടിസ്ഥാനമാക്കി ഒരുക്കുന്ന ബൊമ്മക്കൊലുവിന് ഒൻപത് ദിവസം ചിട്ടയോടെ പൂജ വിധികളുമുണ്ടാകും.
തീർത്തും ആചാര അനുഷ്‌ഠാനങ്ങളോടെ നടത്തുന്ന നവരാത്രി പൂജയുടെ ഭാഗമായ ബൊമ്മക്കൊലുവിന്‍റെ ചരിത്രം ജാതിഭേദമന്യേ എല്ലാവർക്കും മനസിലാകണമെന്ന ആഗ്രഹമാണ് കണ്ണൂർ തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ പി നീലകണ്ഠ അയ്യർ ഹാളിൽ ഒരുക്കിയ ബൊമ്മക്കൊലു കൊണ്ട് ലക്ഷ്യമിടുന്നത്. പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്താണ് ഈ കാഴ്‌ച. ഇവിടെ ഹിന്ദു പുരാണ കഥാപാത്രങ്ങൾക്കൊപ്പം യേശുക്രിസ്‌തുവിന്‍റെ ജനനവും ബൊമ്മക്കൊലുവായി ഒരുക്കിയിരിക്കുന്നു.
മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ച് കമ്പനിസ്വാമി എന്നറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ മകനും പെരിഞ്ചല്ലൂർ സംഗീത സഭ സ്ഥാപകനും വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് ഇതിന് പിന്നില്‍.
ബൊമ്മക്കൊലു: നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5, 7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.