കണ്ണൂർ:പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബേറ്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന പൊലീസ് ജീപ്പിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ചാലക്കര മൈദ കമ്പനിക്ക് സമീപം ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.
പുന്നോൽ ഹരിദാസൻ വധകേസിൽ ഒളിവിലായ മൂന്നാം പ്രതി ദീപക് എന്ന ഡ്രാഗൺ ദീപുവിന്‍റെ (30) വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്. ന്യൂ മാഹി എസ്ഐ വിപിനും സംഘവും ആണ് ജീപ്പിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ബോംബ് എറിഞ്ഞ സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി. നാലാം പ്രതി പുത്തൻ പുരയിൽ നിഖിൽ നമ്പ്യാറും ഒളിവിലാണ്.
2022 ഫെബ്രവരി 21നാണ് ഹരിദാസ് കൊല്ലപ്പെടുന്നത്. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് ഒന്നാം പ്രതിയായ കേസിൽ ഒരു സ്ത്രീയടക്കം 17 പ്രതികളുണ്ട്. 15 പേരെ അറസ്റ്റ് ചെയ്‌തു. ഒരാൾ ഒഴികെ മറ്റു പ്രതികളെല്ലാം റിമാൻഡിലാണ്. തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മേയ് 20നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
Also read: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ് : രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി