കേരളം

kerala

ETV Bharat / state

യുഡിഎഫിന്‍റെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

എല്‍ഡിഎഫിന് എതിരായ കള്ളവോട്ട് ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യുഡിഎഫിന് അനുകൂലമായി പ്രവർത്തിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുഡിഎഫ് കള്ളവോട്ട് ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എൽഡിഫ്

By

Published : Apr 30, 2019, 5:31 PM IST

Updated : Apr 30, 2019, 8:34 PM IST

കണ്ണൂര്‍: വാർത്താസമ്മേളനം വിളിച്ചാണ് കള്ളവോട്ട് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകരുടെ പേര് വിവരങ്ങൾ സിപിഎം പുറത്തുവിട്ടത്. സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിന്‍റെ തെളിവുകളുമായി സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തിറങ്ങുന്നത്. പുതിയങ്ങാടി 69-ാം നമ്പര്‍ ബൂത്തിലെ 76-ാം നമ്പര്‍ വോട്ടറായ കെ എം ആഷിക്ക് അതേ ബൂത്തില്‍ അഞ്ച് തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരു കള്ളവോട്ട് ചെയ്തതിന് ശേഷം അടുത്ത കള്ളവോട്ടിനായി ഇയാൾ വീണ്ടും ബൂത്തിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ഏജന്‍റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് 70-ാം നമ്പര്‍ ബൂത്തിലും ഇയാൾ കള്ളവോട്ട് ചെയ്തെന്നും സിപിഎം ആരോപിച്ചു. കല്യാശേരി മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ 69-ാം നമ്പര്‍ ബൂത്തിലെ 387-ാം നമ്പര്‍ വോട്ടര്‍ എസ് വി മുഹമ്മദ് ഫായിസ് മൂന്ന് കള്ളവോട്ടുകള്‍ 70-ാം നമ്പര്‍ ബൂത്തില്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഇയാള്‍ 69-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തിട്ടുണ്ടെന് സിപിഎം നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു. 28 പ്രവാസികളുടെ വോട്ടുകള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടായി ചെയ്തതിന്‍റെ പട്ടികയും സിപിഎം കണ്ണൂർ ജില്ലാക്കമ്മറ്റി പുറത്ത് വിട്ടു. വിവിധയിടങ്ങളില്‍ നിന്ന് എല്‍ഡിഎഫിന്‍റെ കള്ളവോട്ട് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളുമായി സിപിഎം രംഗത്തെത്തിയത്. കണ്ണൂരില്‍ സിപിഎമ്മിനെതിരെ ഉയർന്ന് വന്ന കള്ളവോട്ട് ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യുഡിഎഫിന് ഒപ്പം നിന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ഉയര്‍ന്നു വന്ന ആക്ഷേപങ്ങളെക്കുറിച്ച് കാര്യക്ഷമവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം കള്ളവോട്ട് ആരോപണ വിധേയയായ കണ്ണൂർ ചെറുതാഴം മുൻ പഞ്ചായത്തംഗം സുമയ്യ സംഭവത്തില്‍ പൊലീസില്‍ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നുവെന്ന് കാണിച്ച് തളിപ്പറമ്പ് ഡിവൈഎസ്പിക്കാണ് സുമയ്യ പരാതി നൽകിയത്.

യുഡിഎഫിന്‍റെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം
Last Updated : Apr 30, 2019, 8:34 PM IST

ABOUT THE AUTHOR

...view details