കണ്ണൂർ: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പ്രതിയായ കേസ് സിബിഐ അന്വേഷിച്ചാൽ മാത്രമെ യാഥാർഥ്യം പുറത്ത് വരികയുള്ളൂവെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് ആവശ്യപ്പെട്ടു. മറ്റ് കേസുകൾ അട്ടിമറിക്കാൻ ശ്രമം നടത്തി വകുപ്പുതല നടപടിക്ക് വിധേയരായവരാണ് പുതിയ അന്വേഷണ സംഘത്തിൽ ഉള്ളത്.
പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി - palathayi rape case updates
പല കേസുകളും അട്ടിമറിക്കാൻ ശ്രമം നടത്തി വകുപ്പ് തല നടപടിക്ക് വിധേയരായവരാണ് പുതിയ അന്വേഷണ സംഘത്തിൽ ഉള്ളതെന്ന് ബിജെപി ആരോപിച്ചു.
കേസിൽ സത്യം കണ്ടെത്തുന്നത്തിനുള്ള അന്വേഷണമല്ല നടക്കുന്നതെന്നും ചിലരുടെ താല്പര്യം അനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും എൻ. ഹരിദാസ് ആരോപിച്ചു. നേരത്തെ കണ്ടെത്തിയ വസ്‌തുതകൾ നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ കരസ്ഥമാക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരോപണ വിധേയനായ വ്യക്തിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഐ ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ നടന്ന പാലത്തായി അന്വേഷണത്തിൽ അധ്യാപകനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ അന്വേഷണ സംഘത്തെ മാറ്റിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.