ഇത്തവണ കേരളം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ എം അബ്‌ദുൾ സലാം, മുൻ പിഎസ്‌സി ചെയർമാൻ ഡോ കെഎസ് രാധാകൃഷ്ണൻ, സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തുടങ്ങി പ്രമുഖരെ ഇറക്കിയാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള വൻ താര നിരയാണ് ബിജെപിക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്താൻ തയ്യാറെടുക്കുന്നത്.
ഈമാസം 25ന് അമിത് ഷാ തലശേരിയില്‍ പ്രചാരണത്തിന് എത്തും. പക്ഷേ സ്വന്തം സ്ഥാനാർഥിയില്ലാത്ത മണ്ഡലത്തില്‍ എങ്ങനെ അമിത് ഷാ പ്രചാരണം നടത്തുമെന്ന ചോദ്യത്തിന് മുന്നിലാണ് സംസ്ഥാന ബിജെപി നേതൃത്വം. തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ ബിജെപി പ്രസിഡന്‍റുമായ എൻ ഹരിദാസിന്‍റെ പത്രിക തള്ളി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22125 വോട്ട്) ലഭിച്ച മണ്ഡലമാണ് തലശേരി. ജാഗ്രതക്കുറവാണ് തലശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഫോറം എയില്‍ പാർട്ടി അധ്യക്ഷന്‍റെ സീലും ഒപ്പും വേണം. പക്ഷേ ഹരിദാസിന്‍റെയും ഡമ്മി സ്ഥാനാർഥിയായ കെ ലിജേഷിന്‍റെയും പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തിയിരുന്നതിനാലാണ് ജില്ലാ പ്രസിഡന്‍റ് തന്നെ നേരിട്ട് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണ് തലശേരി. പത്രിക തള്ളിയതിന് എതിരെ സുപ്രീംകോടതിയില്‍ പോകുമെന്നാണ് എൻ ഹരിദാസിന്‍റെ പ്രതികരണം.