മുംബൈ:പീഢന പരാതിയില്‍ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കേസിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഢിപ്പിച്ചു എന്നാണ് പരാതി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.
ബിനോയ് കോടിയേരിക്കെതിരായ പീഢന പരാതി; മുൻകൂർ ജാമ്യ ഹർജിയില്‍ ഉത്തരവ് ഇന്ന്
ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ്
ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയി കോടിയേരിയുടെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി. ജാമ്യം നിഷേധിച്ചാൽ പ്രതി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യതയുളളതിനാലാണ് പൊലീസ് നടപടി. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണംതട്ടാനാണ് പരാതി നൽകിയതെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസില്‍ ഡിഎൻഎ പരിശോധന അനിവാര്യമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.