കണ്ണൂർ: "ഇന്നലെ ഞാൻ ജോലിചെയ്‌യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ് ബുക്ക് തന്നു, ബാലൻസ് അന്വേഷിച്ചു..... 200850 ഉണ്ടെന്ന് പറഞ്ഞു. ഇതിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം." കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ മുഴുവൻ അഭിമാനത്തോടെ ഷെയർ ചെയ്‌ത ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ തുടക്കത്തിലെ വരികളാണിത്.
കേരള ബാങ്കിന്‍റെ കണ്ണൂരിലെ പ്രധാന ശാഖയിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ പേരുവെളിപ്പെടുത്തരുതെന്ന് പറഞ്ഞ് മടങ്ങിയ അംഗപരിമിതനായ ബീഡിത്തൊഴിലാളിയുടെ കഥ സൗന്ദർ രാജാണ് ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. പിന്നീട് കേരളം മുഴുവൻ തെരഞ്ഞത് ആ വലിയ മനസിന് ഉടമയെ ആണ്. ഒടുവിൽ നമ്മൾ അയാളെ കണ്ടെത്തി. അത് ജനാർദ്ദനൻ ആയിരുന്നു. കണ്ണൂർ കുറുവയിൽ സ്വദേശിയായ ഒരു ബീഡിതെറുപ്പുകാരൻ.
കേരളം അന്വേഷിച്ച ബീഡിത്തൊഴിലാളി കണ്ണൂർ സ്വദേശി ജനാർദ്ദനന്‍ കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിന് പൈസ ഈടാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടു. ഇതാണ് തനിക്ക് പണം നൽകാൻ പ്രചോദനമായതെന്ന് ജനാർദ്ദനൻ പറയുന്നു. തുടർന്ന് പിറ്റേ ദിവസം തന്നെ പണം അയച്ചു.
ആലോചിക്കാതെയെടുത്ത തീരുമാനമാണെന്ന് കരുതി ഒരു ലക്ഷം രൂപ നൽകിയാൽ പോരെയെന്നും ബാക്കി പിന്നീട് അയച്ചാൽ പോരെയെന്നും ബാങ്ക് ജീവനക്കാരനായ സൗന്ദർ രാജ് ജനാർദ്ദനനോട് ചോദിച്ചതാണ്. "വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്നുണ്ട് കൂടാതെ ബീഡി തെറുപ്പും ഉണ്ട്. ആഴ്‌ചയിൽ 1000 രൂപവരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം". ഇതായിരുന്നു ജനാർദ്ദനന്‍റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനും വാർത്താ സമ്മേളനത്തിൽ ജനാർദ്ദനനെ പേരെടുത്ത് പറയാതെ പ്രശംസിച്ചിരുന്നു.
Read More:ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ഡ്രൈവ് 100 ദിനം പിന്നിട്ടു