കണ്ണൂർ:കണ്ണൂർ കോർപ്പറേഷനിൽ പ്രതിപക്ഷ ഭരണപക്ഷ പോര് മുറുകുന്നു. കോർപ്പറേഷനിലെ തകർന്ന റോഡുകളെ ചൊല്ലിയാണ് സിപിഎം പ്രതിഷേധം തുടങ്ങുന്നതെങ്കിലും ലക്ഷ്യം കണ്ണൂർ മണ്ഡലത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നതാണ്. ബ്രഹ്മപുരം പുകയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായതിനാലാണ് സിപിഎം കണ്ണൂർ കോർപ്പറേഷനിൽ റോഡിൽ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രതിഷേധത്തിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത്.
യുഡിഎഫ് ഭരണത്തിൽ കണ്ണൂർ കോർപ്പറേഷനിൽ വികസനമില്ല എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. എല്ലാത്തിലും അഴിമതി ആണെന്നും ഇവർ ആരോപിക്കുന്നു. കോർപ്പറേഷനകത്തെ റോഡുകൾ തകർന്നത് മൂലം നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നു. നിരന്തരമായി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ് കോർപറേഷനകത്ത് ചെയ്യുന്നതെല്ലാം അഴിമതിയാണ്.
ജവഹര്‍ സ്‌റ്റേഡിയത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 92 ലക്ഷം രൂപയാണ് കക്കാട് പുഴ സംരക്ഷണത്തിന് ചെലവഴിച്ചത്. എന്നാൽ അവിടെ ഒന്നും നടന്നില്ല. കോർപ്പറേഷനകത്ത് തെരുവ് നായ ശല്യവും വർധിക്കുകയാണ്. കൗൺസിലർമാരെ ഉൾപ്പെടെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് എൻ.സുകന്യ പറഞ്ഞു.
എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ ഗെയിൽ പാചകവാതക പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കണ്ണൂർ കോർപ്പറേഷൻ ഭരണ സമിതി തടസം നിന്നു. ഈ പദ്ധതിയുടെ പേര് പറഞ്ഞ് ഒമ്പത് റോഡുകളുടെ നിർമാണം തടസപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.
സിപിഎമ്മിന്‍റേത് സമര നാടകം: എന്നാൽ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ തുനിയുന്ന സിപിഎം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കോർപ്പറേഷന്‍റെ വാദം. കോര്‍പ്പറേഷന്‍ പരിധിയിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ റോഡുകള്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നെറ്റ്‌വര്‍ക്ക് പ്രവൃത്തിക്കായാണ് കുഴിച്ചത്.