കണ്ണൂർ:കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ആരോപണം ഉന്നയിച്ച് കോൺഗ്രസ്. ഭരണത്തിന്‍റെ ദുരുപയോഗവും അഭ്യസ്തവിദ്യരോടുള്ള കൊടും ചതിയുമാണ് ബാങ്കിൽ നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. ജില്ലാ സഹകരണ ബാങ്കിൽ വ്യാപകമായി അനധികൃത നിയമങ്ങൾ നടത്തിയ നടപടിക്കെതിരെ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.
കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് - kannur varthakal
സർക്കാരിന്‍റെയും റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും ദിവസവേതന അടിസ്ഥാനത്തിൽ 94 പേരെ നിയമിച്ചതും അനധികൃതമെന്ന് കോൺഗ്രസ്
സർക്കാരിന്‍റെയും റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും ദിവസവേതന അടിസ്ഥാനത്തിൽ 94 പേരെ നിയമിച്ചതും അനധികൃതമാണെന്ന സംസ്ഥാന സഹകരണ റജിസ്ട്രാറുടെ കണ്ടെത്തൽ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിന് ശേഷവും അനുപാതം പാലിക്കാതെ ഭരണകക്ഷിയൂണിയനിൽപ്പെട്ട പതിനാറുപേർക്ക് പ്രത്യേക താൽപ്പര്യത്തിന്‍റെ പേരിൽ ഉദ്യോഗക്കയറ്റം നല്‍കിയതും പരിശീലനം ലഭിക്കാത്ത 31 ജീവനക്കാർക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നൽകിയതും ഏത് മാനദണ്ഡപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും പാച്ചേനി ആവശ്യപ്പട്ടു. അനധികൃത നടപടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും മാത്രം ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഡി.സി.സി.പ്രസിഡന്‍റ് ആവശ്യപ്പെട്ടു. അതേ സമയം ആരോപണത്തെ കുറിച്ച് വകുപ്പ് മന്ത്രി തന്നെ മറുപടി പറയും എന്ന നിലപാടിലാണ് ജില്ലയിലെ ഇടത് നേതാക്കൾ.