കണ്ണൂർ:സിപിഎം വിട്ട എംവി രാഘവനെ വിജയിപ്പിച്ച മണ്ഡലം. എംവി രാഘവനെ മലർത്തിയടിച്ച് ഇപി ജയരാജനെ നിയമസഭയിലെത്തിച്ചും അഴീക്കോട് മണ്ഡലം കേരള രാഷ്ട്രീയത്തില്‍ ചർച്ചാ കേന്ദ്രമായി. നിർദിഷ്ട അഴീക്കൽ തുറമുഖവും വിവിധ വ്യവസായ കേന്ദ്രങ്ങളും ഉൾപ്പെടുന്ന അഴീക്കോട് മണ്ഡലം 1977-ലാണ് രൂപംകൊള്ളുന്നത്. പുനക്രമീകരണത്തില്‍ ഇല്ലാതായ മാടായി മണ്ഡലത്തിന്‍റെയും പിന്നീട് വന്ന കല്യാശ്ശേരി മണ്ഡലത്തിന്‍റെയും ഭാഗമായിരുന്നു അഴീക്കോട്. 2008-ൽ വീണ്ടും മണ്ഡല പുനർ നിർണയത്തിലൂടെ അഴീക്കോട് നിയമസഭാ മണ്ഡലത്തിന്‍റെ അതിർത്തികളില്‍ വീണ്ടും മാറ്റം വന്നു.
മണ്ഡലത്തിന്‍റെ ചരിത്രം
1977ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ചടയൻ ഗോവിന്ദനാണ് വിജയിച്ചത്. പിന്നീട് 1980, 1982 വർഷങ്ങളിൽ സിപിഎമ്മിലെ പി ദേവൂട്ടി അഴീക്കോട് നിന്ന് നിയമസഭയിലെത്തി. 1987ൽ സിപിഎം വിട്ട എംവി രാഘവൻ സിഎംപി രൂപീകരിച്ച് മണ്ഡലം യുഡിഎഫിന് അനുകൂലമാക്കി. 1991ല്‍ എംവി രാഘവനെ തോല്‍പ്പിച്ച് ഇപി ജയരാജൻ മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. 1996ല്‍ ജയിച്ച സിപിഎം നേതാവ് ടികെ ബാലൻ 2001ലും നിയമസഭയിലെത്തി. പക്ഷേ 2005ല്‍ ടികെ ബാലൻ മരിച്ചതിനെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ എം പ്രകാശൻ ജയിച്ചു. 2006ലും എം പ്രകാശൻ സിപിഎം ടിക്കറ്റില്‍ നിയമസഭയിലെത്തി. പക്ഷേ 2011ല്‍ മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന തെരഞ്ഞടുപ്പില്‍ മുസ്ലീംലീഗിലെ യുവനേതാവ് കെഎം ഷാജി അഴീക്കോടിനെ യുഡിഎഫ് മണ്ഡലമാക്കി മാറ്റി. 2016ല്‍ അതിശക്തമായ പോരാട്ടം നടന്നപ്പോൾ എംവി രാഘവന്‍റെ മകൻ നികേഷ് കുമാറിനെ തോല്‍പ്പിച്ച് കെഎം ഷാജി വീണ്ടും നിയമസഭയിലെത്തി.
അഴീക്കോടിന്‍റെ സ്വഭാവം
2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കണ്ണൂർ താലൂക്കിലെ അഴീക്കോട്, വളപട്ടണം, തളിപ്പറമ്പ് താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാ മണ്ഡലം.
ഇപ്പോൾ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പുതിയ അഴീക്കോട് നിയമസഭാമണ്ഡലം. ഇതിൽ പുഴാതി, പള്ളിക്കുന്ന് പഞ്ചായത്തുകളുടെ ചില ഭാഗങ്ങൾ കണ്ണൂർ കോർപ്പറേഷനിലേക്കു മാറി.