മട്ടുപ്പാവിലെ ആയിഷയുടെ പച്ചക്കറി നഴ്‌സറി കണ്ണൂര്‍:മട്ടുപ്പാവിനെയും വീട്ടുമുറ്റത്തെയും പച്ചക്കറി തൈകളുടെ നഴ്‌സറിയാക്കിരിക്കുകയാണ് കമ്പില്‍ സ്വദേശിയായ ആയിഷയെന്ന വീട്ടമ്മ. നഴ്‌സറിയ്‌ക്ക് ഏറെ സ്ഥലവും കൂടുതല്‍ മുതല്‍ മുടക്കും വേണമെന്ന ധാരണ തിരുത്തി കുറിച്ചിരിക്കുകയാണ് ആയിഷ. വിവിധയിനങ്ങളില്‍പ്പെട്ട ഒരു ലക്ഷത്തിലധികം പച്ചക്കറി തൈകളാണ് വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി ആയിഷ മുളപ്പിച്ചെടുക്കുന്നത്.
പൂര്‍ണമായും ജൈവ രീതിയിലാണ് പച്ചക്കറി തൈകള്‍ മുളപ്പിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ആയിഷയുടെ നഴ്‌സറിയില്‍ നിന്ന് ലഭിക്കുന്ന തൈകള്‍ക്ക് ഗുണമേന്മ വളരെ കൂടുതലാണ്. വിവിധ സീസണുകള്‍ അടിസ്ഥാനമാക്കിയാണ് തൈകള്‍ മുളപ്പിച്ചെടുക്കുന്നത്.
വെണ്ട, പയര്‍, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയവയുടെ 20,000 തൈകളാണ് ഈ സീസണില്‍ ആയിഷയുടെ മട്ടുപ്പാവിലെ നഴ്‌സറിയിലുള്ളത്. ഇതിന് പുറമെ പൊതീന, മല്ലി, കാന്താരി, തുളസി, കുഞ്ഞന്‍ പ്ലാവ്, കാബേജ്, കുരുമുളക് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. കാര്‍ഷിക മേഖലയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ആയിഷ ആറ് വര്‍ഷം മുമ്പാണ് ഈ മേഖലയിലേക്ക് ചുവട് വച്ചത്. സ്വന്തം സ്ഥലത്ത് 300 നേന്ത്രവാഴകളുടെ കൃഷിയിറക്കിയായിരുന്നു ആയിഷയുടെ അരങ്ങേറ്റം.
വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുളപ്പെടുന്ന തൈകള്‍ നാട്ടിലെ കുടുംബശ്രീ കൂട്ടായ്‌മകള്‍ക്കും കൃഷി ഭവനിലേക്കുമാണ് നല്‍കുന്നത്. കൂടാതെ വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് നേരിട്ടും തൈകള്‍ നല്‍കും. നാല് വര്‍ഷം മുമ്പാണ് ആയിഷ നഴ്‌സറി ആരംഭിച്ചത്. കൂടാതെ കുമ്മായക്കടവിൽ ഒരേക്കർ പച്ചക്കറി കൃഷിയും നാല് ഏക്കറില്‍ നെൽ കൃഷിയുമുണ്ട് ആയിഷയ്‌ക്ക്. ഇതിനെല്ലാം പുറമെ ചെറുതാഴം കുരുമുളക് ഉത്പാദന കമ്പനിയുടെ മാതൃവള്ളി ഉത്‌പാദന യൂണിറ്റും ആയിഷയുടെ വീട്ടുമുറ്റത്തുണ്ട്.
കാര്‍ഷിക രംഗത്ത് ആയിഷയ്‌ക്ക് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഇത്തവണ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ മികച്ച കര്‍ഷകയ്‌ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ആയിഷ. കാര്‍ഷിക മേഖലയിലെ നാട്ടിലെ മിന്നും താരമാണ് ആയിഷ.