കണ്ണൂര്‍: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ സന്ദേശം പകര്‍ന്ന് പയ്യന്നൂരിൽ മണല്‍ ശില്‌പം തീര്‍ത്തു. കേരളാ പൊലീസിന്‍റെ കവചം-മാലാഖ പദ്ധതിയില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് വലിപറമ്പ് പുലിമുട്ടിന് സമീപം മണല്‍ ശില്‌പം ഒരുക്കിയത്. ചന്തേര ജനമൈത്രി പൊലീസും ബീച്ച് ഫ്രണ്ട്സ് വെളുത്തപൊയ്യ വായനശാലയും ചേര്‍ന്നാണ് മണല്‍ ശില്‌പ നിര്‍മാണത്തിന് വേദിയൊരുക്കിയത്. കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി.അബ്‌ദുല്‍ ജബ്ബാര്‍ ബോധവല്‍കരണ സന്ദേശം നൽകി.
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; ബോധവല്‍കരണ സന്ദേശവുമായി മണല്‍ ശില്‌പം - ബീച്ച് ഫ്രണ്ട്സ് വെളുത്തപൊയ്യ
കേരളാ പൊലീസിന്‍റെ കവചം-മാലാഖ പദ്ധതിയില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് മണല്‍ ശില്‌പ നിര്‍മാണം
കെ.വി.രവി, കെ.വി.കേശവന്‍, കെ.വി.വേണു, പുരുഷോത്തമന്‍ മാവുങ്കാല്‍, കുഞ്ഞിരാമന്‍ വരക്കാട് എന്നിവര്‍ ചേര്‍ന്നാണ് മണൽ ശില്‌പമൊരുക്കിയത്. ബോധവല്‍കരണ പരിപാടിയില്‍ ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ കെ.പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്‌ടര്‍ പി.വിജയന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സുരേശന്‍ കാനം, കെ.വി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്‍റ് പൊലീസും അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.